kerala

മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് കെ.സുധാകരന്‍

By webdesk14

July 04, 2024

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കൂ.

അക്രമങ്ങളുടെ ഉപാസകരും രക്തവെറിപൂണ്ട ഒരൂക്കൂട്ടം സി.പി.എം നേതാക്കളും നല്‍കുന്ന ഇത്തരം സംരക്ഷണമാണ് ഇടതുവിദ്യാര്‍ത്ഥി-യുവജന സംഘടനകളെ അക്രമണത്തിന്റെ പാതതിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. അതിന്റെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് ആപത്താണ്. കൊല്ലപ്പെട്ടവരുടെ നിരക്കാണ് മഹത്വത്തിന്റെ അടിസ്ഥാനമെങ്കില്‍ ചാവേറുകളെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റുതീവ്രവാദ പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി മഹത് സംഘടനങ്ങളെന്ന് വിശേഷിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടിയവരെ മൃഗീയമായി തല്ലിച്ചതിച്ചിട്ട് അതിനെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് വിളിച്ച് ആസ്വദിക്കുന്ന സംസ്‌കാരം കേരളത്തിന് ചേരുന്നതല്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിധിയോടെ ജനം മനസിലാക്കി കൊടുത്തിട്ടും അത് തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രി ഉണ്ടാകാത്തതാണ് സി.പി.എം ഇന്ന് നേരിടുന്ന അപചയം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ അഹന്തയാണെന്ന് എല്‍.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐയ്ക്ക് പോലും മനസിലായി. സി.പി.എമ്മിന്റെ അധോലോക അഴിഞ്ഞാട്ടത്തിന്റെ കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി.

അടിമുടി അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകത്തിലും കള്ളക്കടത്തിലും അഭിരമിക്കുന്ന സി.പി.എമ്മിന്റെ സര്‍വ്വനാശത്തിന്റെ തുടക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പറയുന്ന വാദഗതികള്‍ സി.പി.എമ്മിലെ അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്ന് കണ്ണൂരിലെ പരാജയം കൊണ്ടെങ്കിലും തിരിച്ചറിയണം. അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണ് സി.പി.എമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് തിരുവനന്തപുരം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തീരദേശമേഖലയിലെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുംചര്‍ച്ചാവിഷയമായി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹത്തിന് കെ.സുധാകരന്‍ ഉറപ്പുനല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.