തിരുവനന്തപുരം: വാര്‍ത്തകള്‍ക്ക് കോര്‍പ്പറേറ്റ് രാഷ്ട്രീയ സ്വഭാവം വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമമേഖല ഒന്നാകെ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം ഇല്ലാതാക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമമേഖല ഏറെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. രാജ്യത്ത് ആര്‍ക്കും മാധ്യമസ്ഥാപനം തുടങ്ങാമെന്ന അവസ്ഥയിലേക്ക് എത്തിയത് ദൗര്‍ഭാഗ്യകരമാണ്. മാധ്യമരംഗത്തെ വിദേശനിക്ഷേപം തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.