പാലക്കാട്: തീപ്പിടിച്ച വീടിനകത്തെ അടച്ചിട്ട മുറിക്കുള്ളില്‍ യുവതിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കുറ്റിപ്പാടം മണലിയില്‍ കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമയാണ് (25) മരിച്ചത്. ഇവര്‍ക്ക് സംസാരശേഷിയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞമാസം സുമയുടെ വിവാഹനിശ്ചയം നടന്നിരുന്നു.

തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം. ഓടിട്ട വീടിന്റെ പുരപ്പുറത്തുനിന്നു പുക ഉയരുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മുറി പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്, വീടിന്റെ പിന്നില്‍ അടുക്കളയോടുചേര്‍ന്ന ഭാഗത്തുകൂടി അകത്തുകടന്ന നാട്ടുകാര്‍ മുറി തുറന്നപ്പോഴാണ് യുവതിയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

യുവതി കിടന്നിരുന്ന മുറിയിലെ ഫാനും ഉപയോഗിച്ചിരുന്ന ഫോണും കത്തിക്കരിഞ്ഞനിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിനു കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.മുറി ഉള്ളില്‍നിന്നു പൂട്ടിയിരുന്നതിനാല്‍ യുവതി ജീവനൊടുക്കിയതാണോയെന്ന സംശയവും പൊലീസിനുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയശേഷമേ മരണകാരണം വ്യക്തമാവൂയെന്ന് ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സേതു പറഞ്ഞു. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം സ്വദേശിയുമായി മാര്‍ച്ച് 28നായിരുന്നു സുമയുടെ വിവാഹനിശ്ചയം. ഓഗസ്റ്റ് 22നാണ് കല്യാണത്തീയതിയായി നിശ്ചയിച്ചിരുന്നത്.