മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് രാജീവ് വധം മോഡലില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതിന്റെ രേഖ ലഭിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍, പൊലീസ് വെളിപ്പെടുത്തലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. മോദിയുടെ ജനപിന്തുണ കുറയുമ്പോള്‍ ‘വധശ്രമ’ വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇതാദ്യമായല്ലെന്നും പൊലീസ് വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ും സഞ്ജയ് നിരുപം പറഞ്ഞു.

‘ഇത് (വെളിപ്പെടുത്തല്‍) പൂര്‍ണമായും അസത്യമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ഇത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ പയറ്റുന്ന തന്ത്രമാണ്. മോദിയുടെ ജനപ്രീതി കുറയുമ്പോഴൊക്കെ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ വാര്‍ത്തകളും പൊങ്ങിവരും. ഇത്തവണ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം അന്വേഷണം നടത്തി കണ്ടുപിടിക്കണം.’ മുംബൈ കോണ്‍ഗ്രസ് പ്രസിഡണ്ടും മുന്‍ എം.പിയുമായ നിരുപം പറഞ്ഞു.

അതേസമയം, മാവോയിസ്റ്റ് പദ്ധതിയെപ്പറ്റിയുള്ള പൊലീസ് വെളിപ്പെടുത്തലില്‍ അഭിപ്രായം പറയാനില്ലെന്നും സുരക്ഷാ സേനയും കോടതിയുമാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘രാജ്യത്തിന് സുരക്ഷാസൈനികരും കോടതികളുമുണ്ട്. ഇക്കാര്യം അവരാണ് നോക്കേണ്ടത്. ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ സുരക്ഷ നോക്കുന്നത് സുരക്ഷാസേനയാണ്. മോദിയെ വധിക്കാന്‍ പദ്ധതിയുണ്ടെന്നോ ഇല്ലെന്നോ പറയാനില്ല.’ യെച്ചൂരി പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുഫാസിസം ആദിവാസികള്‍ അടക്കമുള്ളവരുടെ ജീവിതം തകര്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും 15ഓളം സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയെന്നും ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പൊലീസ് ‘കണ്ടെടുത്ത’ മാവോയിസ്റ്റ് കത്തില്‍ പറയുന്നത്. മോദി രാജ് അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതു പോലുള്ള നീക്കങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും മോദിയെ വധിക്കാനുള്ള ഉദ്യമത്തില്‍ പരാജയപ്പെട്ടേക്കാമെന്നും കത്തില്‍ പറയുന്നു.