ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് അംഗമായിരുന്ന പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിവ് വന്നത്.

ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍മാന്‍. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ വോട്ട് ചെയ്താണ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ രാജ്യസഭയിലെ അംഗങ്ങള്‍ മാത്രം വോട്ട് ചെയ്താണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. ബി.ജെ.പിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാവും.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബി.ജെ.ഡി അംഗത്തെ സ്ഥാനാര്‍ഥിയാക്കി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബി.ജെ.ഡിക്ക് രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്.