ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. മധുര ആഹാരങ്ങള്‍ നല്‍കിയും നൃത്തംവെച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യെദ്യൂരപ്പയുടെ രാജി ആഘോഷമാക്കുകയാണ്. വികാരഭരിതമായ പ്രസംഗത്തിനൊടുവില്‍ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദാരവങ്ങളോടെയാണ് പ്രതിപക്ഷനിര എതിരേറ്റത്. ഈ ആഹ്ലാദ പ്രകടനം പിന്നീട് നിയമസഭ പുറത്തേക്കും ഒഴുകുകയായിരുന്നു. യെദ്യൂപ്പയുടെ രാജി ആഘോഷമാക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍.
#WATCH:Congress workers celebrate in Delhi after BS Yeddyurappa resigned as Karnataka CM ahead of #FloorTest pic.twitter.com/4hzop2GR8W
— ANI (@ANI) May 19, 2018
കോണ്‍ഗ്രസ് സഖ്യത്തിന്റെ നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും പരസ്പരം കൈപിടിച്ചുയര്‍ത്തി ചരിത്രനിമിഷം സഭയില്‍ ആഘോഷമാക്കി തുടക്കം കുറിക്കുകയായിരുന്നു.വിശ്വാസവോട്ട് തേടുമെന്ന് അവസാന നിമിഷം വരെ ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും യെദ്യൂരപ്പ പ്രസംഗമാരംഭിച്ചപ്പോള്‍ തന്നെ രാജിവെക്കാനുള്ള സാധ്യത തെളിഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തിനിടയിലും കോണ്‍ഗ്രസ് ക്യാംപിന്റെ ആത്മവിശ്വാസം മുഴുവന്‍ ഡി.കെ ശിവകുമാറിലായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പിയെ അനുവദിക്കാതെ കാത്തുസൂക്ഷിച്ച ഡി.കെ, വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജിവെച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍ ഏറ്റവും കുറഞ്ഞ സമയം അധികാരത്തിലിരിക്കുന്ന മന്ത്രിയെന്ന റെക്കോര്‍ഡ് ബി.എസ് യെദ്യൂരപ്പക്ക് സ്വന്തമായി.
Be the first to write a comment.