ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം അടുത്തയാഴ്ചയോടെ പാരമ്യത്തിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപദേഷ്ടാവ്. മെയ് മൂന്നിനും അഞ്ചിനും ഇടയിലാവും കോവിഡ് പാരമ്യത്തിലെത്തുകയെന്ന് ശാസ്ത്രജ്ഞന്‍ എം.വിദ്യാസാഗര്‍ പറഞ്ഞു. കോവിഡിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗമാണ് വിദ്യാസാഗര്‍.

ജൂലൈ അല്ലെങ്കില്‍ ആഗസ്റ്റ് വരെ രാജ്യത്തെ കോവിഡ് ബാധ ഇതുപോലെ തുടരാം. അതിന് ശേഷം രോഗബാധയില്‍ കുറവുണ്ടാകും. ഇനിയൊരു ആറ് മുതല്‍ എട്ട് ആഴ്ച വരെ കോവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും.

ഇന്ത്യയില്‍ കോവിഡ് ആദ്യമായി പാരമ്യത്തിലെത്തിയത് കഴിഞ്ഞ സെപ്തംബറിലായിരുന്നു. അന്ന് ഏകദേശം 97,000 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതിനേക്കാളും മൂന്നിരട്ടി രോഗികളാണ് ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.