ഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയുടെ വില്‍പനക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ലേലത്തില്‍ ടാറ്റ ഗ്രൂപ്പിന് മുന്‍തൂക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്‌പൈസ്‌ജെറ്റിന്റെ അജയ് സിങ് രേഖപ്പെടുത്തിയ തുകയേക്കാളും കൂടുതല്‍ നല്‍കാന്‍ ലേലത്തില്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചുവെന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പും അജയ് സിങ്ങിന്റെ സ്‌പൈസ്‌ജെറ്റും തമ്മിലാണ് എയര്‍ ഇന്ത്യക്കായി പ്രധാനമായും പോരാട്ടം നടത്തുന്നത്. അതേസമയം, എയര്‍ ഇന്ത്യയുടെ വില്‍പന വൈകാനിടയുണ്ടെന്ന സൂചന കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കോവിഡ് മൂലമാണ് വില്‍പന വൈകുന്നത്. എയര്‍ ഇന്ത്യയുടെ റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളുടെ കണക്കെടുപ്പ് കോവിഡ് കാരണം ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് നടത്താനായിട്ടില്ല. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.