ബെംഗളൂരു : കര്‍ണാടകത്തില്‍ നഗരതദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. പത്തിടത്തു നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിടത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ആറിടത്ത് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. രണ്ടിടത്ത് ജെ.ഡി.എസ്. വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി.ജെ.പി.ക്ക് വിജയിക്കാനായത്.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് വന്‍തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയില്‍ തിരഞ്ഞെടുപ്പു നടന്ന ഭദ്രാവതി സിറ്റി മുനിസിപ്പാലിറ്റിയും തീര്‍ഥഹള്ളി ടൗണ്‍ പഞ്ചായത്തും കോണ്‍ഗ്രസ് സ്വന്തമാക്കി.

ബല്ലാരി മുനിസിപ്പല്‍ കൗണ്‍സില്‍, രാമനഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, ബേലൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ഗുഡിബന്ദെ ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ബീദര്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ചന്നപട്ടണ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, വിജയപുര ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയാണ് ജെ.ഡി.എസ്. സ്വന്തമാക്കിയത്. മടിക്കേരി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മാത്രമാണ് ബി.ജെ.പി.ക്കൊപ്പം നിന്നത്.

സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസില്‍ ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.