ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാന്‍ കാരണമെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ലൈബീരിയന്‍ മുന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവരാണ് സമിതിയുടെ അധ്യക്ഷന്‍മാര്‍. ‘കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം’. എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. 2019 ഡിസംബറില്‍ വുഹാനില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടു. 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്റെ ഗൗരവം അറിയിക്കാന്‍ ചൈന തയാറായില്ല.

അടിയന്തര സാഹചര്യം മനസിലാക്കുന്നതില്‍ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിനു മാര്‍ഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വന്‍ദുരന്തത്തിലേക്കു തള്ളിവിട്ടു. വുഹാനില്‍ വൈറസ് കണ്ടെത്തിയപ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു. തുടര്‍ച്ചയായ അലംഭാവമാണു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. കോവിഡ് വ്യാപനത്തെ നേരിടുന്നതിനു നിരവധി മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.