തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിച്ചില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. പ്രതിഷേധം അറിയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ കത്ത് നല്‍കി. സിപിഐ നോമിനികളെ പരിഗണിച്ചു പോലുമില്ല. മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. നിലവിലെ ഒഴിവുകളിലേക്ക് സിപിഐ പ്രതിനിധികളെ പരിഗണിക്കണമെന്നും കാനം കത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം.
ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി സിങ്കിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് സിപിഐയും മന്ത്രിക്കെതിരെ രംഗത്തുവന്നത്.