കോഴിക്കോട്: പിഎസ്സി ഉദ്യോഗാര്‍ഥി അനുവിന്റെ ആത്മഹത്യയില്‍വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. സൈബര്‍ സ്‌പേസുകളില്‍ സിപിഎം അനുകൂല പോസ്റ്റുകളും കമന്റുകളും ക്വോട്ട നല്‍കി പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.

പാര്‍ട്ടി ഗ്രൂപ്പുകളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നല്‍കിയ ഓഡിയോ സന്ദേശമാണ് പുറത്തായത്. എന്ത് കമന്റ് ഇടണമെന്ന് പാര്‍ട്ടി നേതൃത്വം അയച്ചുതരുമെന്നും ആസൂത്രിതമായി സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കണമെന്നുമാണ് എം.വി ജയരാജന്റെ പുറത്തായ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 300-400 കമന്റകളും പോസ്റ്റുകളും ഉണ്ടാകണമെന്നും ജയരാജന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

‘എന്ത് കമന്റിടണമെന്ന് പാര്‍ട്ടി അയച്ചുതരും. ഒരു ലോക്കല്‍ കമ്മിറ്റി 300-400കമന്റുകള്‍ ഇടാന്‍ ശ്രമിക്കണം. ഒരാള്‍ തന്നെ പത്തും പതിഞ്ചും കമന്റുകള്‍ ചെയ്തിട്ട് കാര്യമില്ല. കൂടൂതല്‍ പേര്‍ കമന്റ് ചെയ്യുക എന്നതിലേക്ക് എത്തണം.’ ശബ്ദരേഖയില്‍ നിന്ന്.