നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 340 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബൗളര്‍മാര്‍ സംഹാര താണ്ഡവമാടിയ പിച്ചില്‍ 474 റണ്‍സിന്റെ ലോക വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 133 റണ്‍സിന് ആയുധം വെച്ച് കീഴടങ്ങി. വിജയത്തോടെ നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ 211 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്കക്ക് ഇത് മധുര പ്രതികാരം കൂടിയായി. വിക്കറ്റ് നഷ്ടം കൂടാതെ ഒരു റണ്‍ എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സായപ്പോഴേക്കും ഓപണര്‍ ജെന്നിങ്‌സിനെ (3) നഷ്ടായി. 28ല്‍ എത്തി നില്‍ക്കെ ബല്ലന്‍സ് കൂടി (4) പുറത്തായി. പിന്നാലെ എത്തിയ ജോ റൂട്ടും (8) പവലിയനിലെത്താനാണ് ധൃതി കാണിച്ചത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ പിഴുതതോടെ ദക്ഷിണാഫ്രിക്ക വിജയം മണത്തു. 42 റണ്‍സെടുത്ത ഓപണര്‍ കുക്ക് കൂടി പുറത്തായതോടെ ഇംഗ്ലീഷ് പതനം ഉറപ്പായി. അഞ്ചു വിക്കറ്റിന് 84 എന്ന നിലയില്‍ ഉഴറിയ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും സാധിച്ചില്ല. ജോണി ബെയര്‍സ്‌റ്റോ (16), ബെന്‍സ്‌റ്റോക്‌സ് (18), മോയിന്‍ അലി (27), ഡോസണ്‍ (5*), സ്റ്റിയുവര്‍ട്ട് ബ്രോഡ് (5), മാര്‍ക് വുഡ് (0), ജയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. പ്രോട്ടീസിനു വേണ്ടി ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്നു വിക്കറ്റും ഒലിവിയര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.