kerala

അപകീര്‍ത്തികേസ്; ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം

By webdesk18

May 06, 2025

അപകീര്‍ത്തികേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയലാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി. അതേ സമയം, ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം ലംഘിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്ന് പരാതിക്കാരി പറയുന്നു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വാഹനത്തില്‍ കയറിയത്. ‘പിണറായിസം തുലയട്ടെ. അഴിമതിയുടെ വീരന്‍. മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി. അതിന് ഓശാന പിടിക്കുന്ന പൊലീസുകാര്‍. ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു. സിന്ദാബാദ്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ’, ഷാജന്‍ സ്‌കറിയ പറഞ്ഞു.