തിരുവനന്തപുരം: പോലീസ് തലപ്പത്തേക്ക് വീണ്ടും ലോക്‌നാഥ് ബെഹ്‌റ. മന്ത്രിസഭാ യോഗതീരുമാനത്തിലാണ് ബെഹ്‌റയെ പോലീസ് മേധാവിയാക്കി വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുന്നത്.

തന്നെ മേധാവിയാക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന് നന്ദി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാതിവഴിയില്‍ നിര്‍ത്തിവെച്ച പലകാര്യങ്ങളുമുണ്ട്. അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കോടതിവിധിക്കനുസരിച്ച് ബെഹ്‌റയെ മാറ്റി മേധാവിയായി സെന്‍കുമാറിനെ നിയമിച്ചിരുന്നു. പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലെത്തിയ അദ്ദേഹം സെന്‍കുമാര്‍ വിരമിക്കുന്നതോടെ തിരിച്ചെത്തുകയായിരുന്നു. ബെഹ്‌റ പോലീസ് മേധാവിയായിരിക്കുമ്പോള്‍ വിവാദപരമായ നിരവധി സംഭവങ്ങളും നടന്നിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പോലീസ് നടപടിയും വലിയ രീതിയില്‍ വമിര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.