നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്‍പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു.

ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോട് പള്‍സര്‍സുനിക്ക് മോഹമുണ്ടായിരുന്നുവെന്നും ക്വട്ടേഷനാണെന്ന് പറഞ്ഞത് സുനിയുടെ താല്‍പ്പര്യം വെൡപ്പെടാതിരിക്കാനാണെന്നും അഭിഭാഷകന്‍ വാദിച്ചു. പതിനാറു വയസ്സുള്ളപ്പോള്‍ പള്‍സര്‍സുനി ജുവൈനല്‍ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ്. ക്രിമിനല്‍ കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴി വിശ്വസിക്കാനാവില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഇന്നലെ തുടങ്ങിയ വാദം ഇന്നാണ് അവസാനിച്ചത്.

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം തുടരുകയാണ്. കാവ്യമാധവന്‍ വഴി ദിലീപ് സുനിക്ക് 25,000രൂപ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കാവ്യമാധവന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. കീഴടങ്ങുന്നതിന് മുമ്പ് സുനി കാവ്യയുടെ വസ്ത്രവ്യാപാര കടയില്‍ ചെന്നിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.