തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല സിനിമ തിയേറ്ററുകളിലേക്ക്. ദിലീപ് നായകനായ ചിത്രം ഈ മാസം 28ന് പ്രദര്‍ശനമാരംഭിക്കും. ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ജൂലൈ 21ലേക്ക് മാറ്റി. ദിലീപിന് ജാമ്യം ലഭിച്ചാല്‍ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിര്‍മാതാവ് ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് ഈ മാസം 22ന് സിനിമ റിലീസ് സംബന്ധിച്ച് അഭ്യൂഹമുയര്‍ന്നെങ്കിലും തീരുമാനമായില്ല. ഇതിനു പിന്നാലെയാണ് 28ന് റിലീസിങ് തിയതി പ്രഖ്യാപിച്ചത്.
പുലിമുരുകനു ശേഷം മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന സിനിമയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക.