Connect with us

Health

‘ആയിരം മുഖങ്ങളുള്ള അസുഖം’ -ഡോ. അനൂഫ് പി. പി

Published

on

ഡോ. അനൂഫ് പി. പി
ഫൗണ്ടര്‍ ചെയര്‍മാന്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്
ഡോ. അനൂഫ്‌സ് റുമകെയര്‍
കോഴിക്കോട്

ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണ്ണയ പരിശോധനകളിലുമെല്ലാമുള്ള വ്യത്യസ്തതകളെ മുന്‍നിര്‍ത്തിയാണ് ലൂപ്പസ് രോഗത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. രോഗബാധിതനായ ഓരോ വ്യക്തിക്കും പലവിധ ലക്ഷണങ്ങളും വ്യത്യസ്തങ്ങളായ പരിശോധനാഫലങ്ങളുമായിരിക്കും ലഭ്യമാവുക. ലക്ഷണങ്ങളെല്ലാം തന്നെ സ്വാഭാവികമായ വളരെ സാധാരണമായവയും അലര്‍ജി ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളുടേതുമായതിനാല്‍ എളുപ്പത്തില്‍ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കില്ല എന്നതാണ് ലൂപ്പസ് ചികിത്സ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പുരുഷന്മമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ലൂപ്പസ് രോഗം കൂടുതലായി കണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. നിര്‍ണ്ണയിക്കപ്പെടുന്ന രോഗികളില്‍ 90 ശതമാനവും സ്ത്രീകളാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലിംഗപരമായ ഹോര്‍മോണുകളുടെ സാന്നിദ്ധ്യമായിരിക്കാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

മറ്റൊരു പ്രധാനപ്പെട്ട ഘടകം രോഗം ബാധിക്കുന്നവരുടെ പ്രായമാണ്. 17 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവരിലാണ് ലൂപ്പസ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ സംബന്ധിച്ച് വിവാഹിതരാകുന്ന പ്രായവും, കുട്ടികളുണ്ടാകുന്ന പ്രായവും ഈ പരിധിയില്‍ വരുന്നു. ലൂപ്പസ് ബാധിതരായവരില്‍ ഗര്‍ഭം അലസിപ്പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ തന്നെ കൂടുതല്‍ ഗൗരവത്തോടെ ഈ സാഹചര്യത്തെ സമീപിക്കുകയും വേണം.

എന്താണ് ലൂപ്പസ് രോഗം?

ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി താളം തെറ്റുകയും, അത് ശരീരത്തിന് തന്നെ വിഘാതമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ലൂപ്പസ്. ഈ രോഗബാധിതരാകുമ്പോള്‍ ശരീരത്തിന് സ്വന്തം കോശങ്ങളെയും രോഗപ്രതിരോധശേഷിയേയും രോഗാണുക്കളേയും വേര്‍തിരിച്ചറിയാനുള്ള ശക്തി ക്ഷയിക്കപ്പെടുന്നു. ഇത് ഇവതമ്മിലുള്ള പരസ്പര പ്രതിപ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ശാരീരികമായ പ്രത്യാഘാതങ്ങളിക്ക്് നയിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

വിടാതെ പിന്‍തുടരുന്ന തളര്‍ച്ച തന്നെയാണ് പ്രധാന ലക്ഷണം. വിട്ടുമാറാത്ത പനി, സന്ധിവേദന എന്നിവയും ലൂപ്പസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കവിളിലും മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചുവന്ന പാടുകള്‍ പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശത്തിലാണ് ഇത് കൂടുതല്‍ വ്യക്തതയോടെ പ്രത്യക്ഷപ്പെടുക. മുടി കൊഴിച്ചില്‍ വായയിലും മൂക്കിലുമുള്ള വ്രണങ്ങള്‍, ശ്വാസതടസ്സം, വൃക്കകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, കാലിലേയും ശ്വാസകോശത്തിലേയും ധമനികളില്‍ രക്തം കട്ടപിടിക്കല്‍, സ്്ത്രീകളില്‍ തുടര്‍ച്ചയായി ഗര്‍ഭം അലസല്‍, അപസ്മാരം തുടങ്ങിയവ അനവധി ലക്ഷണങ്ങള്‍ ലൂപ്പസിന്റെ ഭാഗമായി കാണപ്പെടുന്നു.
അസുഖത്തെ തിരിച്ചറിയലും

ചികിത്സയും

മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങളായതിനാല്‍ തുടക്കത്തില്‍ തന്നെ അസുഖത്തെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളെ മുന്‍നിര്‍ത്തി വിദഗ്ദ്ധനായ ഒരു റുമറ്റോളജിസ്റ്റിന് അസുഖം ഏറെക്കുറെ കൃത്യമായി തന്നെ നിര്‍ണ്ണയിക്കാന്‍ സാധിക്കും. രക്തപരിശോധനയിലൂടെയാണ് രോഗം ലൂപ്പസ് തന്നെയാണ് എന്ന് പ്രധാനമായും ഉറപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് രോഗം പുരോഗമിക്കുന്നത് അതുകൊണ്ട് തന്നെ ചികിത്സയും ആ ഘട്ടങ്ങളെ അവലോകനം ചെയ്ത ശേഷമാണ് തീരുമാനിക്കുക.

മുന്‍കാലങ്ങളില്‍ ലൂപ്പസിന് ഫലപ്രദമായ ചികിത്സയും കൂടുതല്‍ ഓപ്ഷനുകളും ലഭ്യമായിരുന്നില്ല എന്നതായിരുന്നു അവസ്ഥയെങ്കിലും രണ്ടര പതിറ്റാണ്ടിനിപ്പുറത്തേക്ക് ചികിത്സാ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയാന്‍ സാധിച്ചാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. ചികിത്സയുടെ കാലദൈര്‍ഘ്യമാണ് മറ്റൊരു വെല്ലുവിളി. ദീര്‍ഘകാലം ചികിത്സ ആവശ്യമായതിനാല്‍ ചിലരെങ്കിലും പാതി വഴിയില്‍ ചികിത്സ ഉപേക്ഷിക്കാനും മറ്റ് മാര്‍ഗ്ഗങ്ങല്‍ലേക്ക് മാറുവാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗിയും രോഗിയുടെ ബന്ധുക്കളുമെല്ലാം ചികിത്സുയുടെ കാലദൈര്‍ഘ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ലൂപ്പസ് ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭിണികളാകാമോ?

മുന്‍കാലങ്ങളില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്. രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല എന്നതും, തുടര്‍ച്ചയായി ഗര്‍ഭം അലസുവാനുള്ള സാധ്യതയുണ്ട് എന്നതും ലൂപ്പസ് ബാധിതരായവരുടെ വിവാഹം നടക്കാത്ത സാഹചര്യമുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ കാലത്തുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളുടെ ഫലമായി വിജയകരമായി ഗര്‍ഭധാരണവും പ്രസവും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.ഇതിന് ആദ്യം വേണ്ടത് മികച്ച ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാ ക്രമീകരണമാണ്. പങ്കാളിയുടെയും വീട്ടുകാരുടേയും മാനസികമാ പിന്തുണയും അനിവാര്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പിന്‍തുടര്‍ന്ന് രോഗത്തെ കീഴടക്കുകയോ, വരുതിയിലാക്കുകയോ ചെയ്ത ശേഷം ഗര്‍ഭധാരണം വിജയകരമായി പൂര്‍ത്തീകരിക്കാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending