വാഷിംങ്ടണ്‍: ജയിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളൂ എന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അവസാന സംവാദത്തില്‍ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യം ചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പരാമര്‍ശമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ട്രംപിന്റെ പ്രസ്താവന അപകടകരമായതാണെന്ന് ഒബാമ പറഞ്ഞു. തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെപ്പറ്റി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതും ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ ഊര്‍ജ്ജം പകരുന്നതുമാണ് പ്രസ്താവനയെന്നും ഒബാമ പറഞ്ഞു.