വാഷിങ്ടണ്‍ : യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. 47ാം പ്രസിഡന്റായാണ് ട്രംപ് അധികാരമേല്‍കുന്നത്. ഇന്ത്യന്‍ സമയം 10:30 ന് വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോളില്‍ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലായിരിക്കും ചടങ്ങ് നടക്കുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും കാപ്പിറ്റോള്‍ വണ്‍ അറീന ഹാളില്‍ തന്നെയായിരിക്കും നടക്കുക.
നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുത്തേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ ചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നില്ല. ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് , ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റണ്‍, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാന്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരും പങ്കെടുക്കും.