‘വിദേശ ബാങ്കുകളിലാണ് പ്രധാനമായും കള്ളപ്പണം സൂക്ഷിക്കപ്പെടുന്നതെന്നാണ് കരുതപ്പെടുന്നത്. സ്വിസ്ബാങ്കില്‍ ലോകത്ത് ഏറ്റവും കള്ളപ്പണമുള്ളത് ഇന്ത്യക്കാണെന്നാണ് പറയുന്നത്. രാജ്യത്തെ വന്‍കിടക്കാരും കുത്തകകളും അനധികൃതമായി ധനം സമ്പാദിക്കുന്നവരുമാണ് നികുതിവെട്ടിപ്പിനായി അനധികൃത പണം വിദേശ ബാങ്കുകളില്‍ സൂക്ഷിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രം നിരോധിച്ചതുകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ബുദ്ധിമുട്ടിക്കുകയല്ലാതെ കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ധരിക്കുന്നത് മൗഢ്യമാവും.’ 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ടുനിരോധനത്തിന്റെ പിറ്റേന്ന് ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ വരികളാണ് മേലുദ്ധരിച്ചത്. അതിനുശേഷം ഒരുവര്‍ഷവും ഒന്‍പതുമാസവും പിന്നിട്ടിരിക്കുന്നു. ആഗസ്റ്റ് 29നാണ് രാജ്യത്തെ റിസര്‍വ്ബാങ്ക് തങ്ങളുടെ പക്കലേക്ക് തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. നിരോധിച്ച 500, ആയിരം രൂപയുടെ നോട്ടുകളുടെ തുകയായ 15.44 ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും -അതായത് 15.31 ലക്ഷം കോടിയുടെ നോട്ടുകള്‍ -തിരിച്ചെത്തിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് റിസര്‍വ് ബാങ്കിന്റെ 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ച പത്തുലക്ഷം കോടിക്ക് എത്രയോ മുകളിലാണിത്. വെറും 0.7 ശതമാനം അതായത് 10,720 കോടി രൂപ മാത്രമാണ് തിരിച്ചെത്താതിരുന്നത്. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വന്ന ചെലവ് 12000 കോടി രൂപയും. നോട്ടുനിരോധനം മണ്ടത്തരമായെന്നതിന് ഇതില്‍പരം തെളിവുവേണ്ടതില്ല. ചരക്കുസേവനനികുതിയും കൂടിയായതോടെ രാജ്യം നേരിട്ട ഈ കെടുതിക്ക് വേണ്ടിവന്ന ജീവനും മനുഷ്യാധ്വാനവും സാമ്പത്തികനഷ്ടവും ഇനിയാര് നികത്തും?
രാജ്യത്ത് പ്രചാരത്തിലിരുന്ന കറന്‍സിയുടെ 86 ശതമാനമാണ് ഒറ്റയടിക്ക് പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ കറന്‍സിയില്‍ നല്ലൊരു ഭാഗം കള്ളപ്പണമായി കുമിഞ്ഞുകൂടിയിരിക്കുകയാണെന്നും ആയവ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനും അതുവഴി തീവ്രവാദികളുടെ ധനസ്രോതസ്സ് തടയാനും അഴിമതി തുടച്ചുനീക്കുന്നതിനും ഡിജിറ്റല്‍ വിനിമയം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നോട്ടുനിരോധന നടപടിയെന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടായിരുന്നു. റിസര്‍വ്ബാങ്കിനെയോ സ്വന്തം ധനകാര്യമന്ത്രിയെപോലുമോ വിശ്വാസത്തിലെടുക്കാതെ പ്രധാനമന്ത്രി നടത്തിയ ദേശത്തോടുള്ള പ്രഖ്യാപനം കേട്ട് ജനം ഞെട്ടിത്തരിച്ചു. ഒരു ദിവസത്തെയെങ്കിലും ഇടവേളയില്ലാതെയാണ് മുതിര്‍ന്ന മൂല്യങ്ങളുടെ നോട്ടുകള്‍ നിരോധിച്ചതായി മോദി പ്രഖ്യാപിച്ചത്. പ്രസ്തുത നോട്ടുകള്‍ കയ്യിലുള്ളവര്‍ ഉടന്‍തന്നെ, ഡിസംബര്‍ മുപ്പതിനകം, പൊതുമേഖലാ സ്വകാര്യബാങ്കുകളില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ തിരികെ വാങ്ങണമെന്നായിരുന്നു അറിയിപ്പ്. നാട്ടുകാരെല്ലാം നോട്ടുകള്‍ മാറ്റാനായി അര്‍ധരാത്രി മുതല്‍ നെട്ടോട്ടമോടി. ചെന്നിടത്തെല്ലാം വന്‍ക്യൂവും ബാങ്ക് ജീവനക്കാരുടെ കുറവും പുതിയ നോട്ടുകള്‍ അച്ചടിച്ചായിട്ടില്ലെന്ന മറുപടിയുമാണ് കേട്ടത്. ഇതോടെ ജനജീവിതം രാജ്യത്തൊട്ടാകെ നിശ്ചലമായി. ധനകാര്യ- വ്യാവസായിക മേഖലയാകെ സ്തംഭിച്ചു. അറുപതോളം ഉത്തരവുകളാണ് ഒന്നിനു മീതെ ഒന്നായി മോദി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. വരികളില്‍ നിന്ന് പ്രായമേറിയവരും സ്ത്രീകളും യുവാക്കളും പോലും തളര്‍ന്നുവീഴുന്ന ദുസ്ഥിതിയുണ്ടായി. അപ്പോഴെല്ലാം പ്രധാനമന്ത്രി തന്റെ പതിവ് വിദേശയാത്രയിലായിരുന്നു. ലോകത്തെ പ്രമുഖ കറന്‍സികളൊന്നും നേരിടാത്ത അനുഭവമാണ് ഇതുമൂലം രൂപ നേരിട്ടത്. ഇന്ന് രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയിരിക്കുന്നു. അറുപത് രൂപയില്‍ നിന്നത് 70 രൂപയും കടന്നിരിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും പ്രവചിച്ചതുപോലെ വല്ലാതെ പുറകോട്ടുപോയി. മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത് സംഘടിത കൊള്ള എന്നായിരുന്നു. ഏതോ സംഘ്പരിവാരുകാരന്‍ ഓതിക്കൊടുത്ത സാമ്പത്തിക പരിഷ്‌കാര നടപടിയാണ് നോട്ടുനിരോധനത്തിന് കാരണമായതെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന തരത്തിലായിരിക്കുന്നു ഇപ്പോഴത്തെ റിസര്‍വ്ബാങ്കിന്റെ കണക്കുകള്‍.
പ്രധാനമന്ത്രിയെ തിരുത്താന്‍ ശ്രമിച്ച സാമ്പത്തിക വിദഗ്ധര്‍ക്കുനേരെയും എം.ടിയെപോലുള്ള സാഹിത്യകാരന്മാര്‍ക്കുനേരെയും കുരച്ചുചാടിയവര്‍ക്ക് ഇന്ന് മിണ്ടാട്ടം മുട്ടിയിരിക്കുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാനായി വേണ്ടിവന്ന തുകയുടെ അത്രപോലും കള്ളപ്പണം പിടിക്കാനായില്ലെന്നത് നമ്മുടെ സര്‍ക്കാരിനെക്കുറിച്ചുള്ള ധാരണ ശരിവെക്കുന്നതായിരിക്കുന്നു. മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടിയുടെ കള്ളപ്പണം-അതായത് മുപ്പതു ശതമാനത്തോളം തുക- ഇല്ലാതാക്കാന്‍ നടപടിമൂലം കഴിയുമെന്ന് വാദിച്ചിരുന്നവര്‍ക്കുമുന്നിലേക്ക് റിസര്‍വ് ബാങ്കിന്റെ കണക്ക് പല്ലിളിച്ചുകാട്ടുകയാണ്. സര്‍ക്കാരിന്റെ സ്വന്തം മുഖത്തേക്കുതന്നെയുള്ള തുപ്പലാണിത്. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. രഘുറാം രാജനെ തന്നിഷ്ടക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ച് പറഞ്ഞുവിട്ടശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ അതിസാഹസത്തിന് മുതിര്‍ന്നത്. ഇന്നിതാ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച തകര്‍ന്നിരിക്കുന്നു. 6.9 ശതമാനത്തിലുണ്ടായിരുന്ന ജി.ഡി.പി 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കോടിക്കണക്കിന് രൂപയുടെ ഉത്പാദനം നിലച്ചു. ചെറുകിട-ഇടത്തരം മേഖലയില്‍ മാത്രം 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
നോട്ടു നിരോധനത്തിന്റെ ഗുണം ലഭിച്ചത് മോദിയുടെയും ബി.ജെ.പിയുടെയും അടുത്തവര്‍ക്കാണെന്നതിന് തെളിവാണ് അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് മാറ്റിനല്‍കിയ 745.59 കോടി രൂപയുടെ കള്ളപ്പണം. സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ നോട്ടു മാറ്റമാണിത്. കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയും പൊതുമേഖലാബാങ്കുകളെയാകെ നിര്‍ജീവമാക്കിയും കുത്തകകള്‍ക്ക് തോന്നിയപോലെ സമ്പദ്‌രംഗം തുറന്നുകൊടുത്തുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വെറും 12 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 1,7500 കോടിയാണ്. ഇത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ധനസമാഹരണത്തിനാണെന്ന് സുവ്യക്തം. ലക്ഷം കോടിയുടെ കള്ളപ്പണം സ്വിസ്ബാങ്കിലും മറ്റുമായി ഉണ്ടെന്നും അവ പിടിച്ചെടുത്ത് പൗരന്മാരുടെ എക്കൗണ്ടുകളിലേക്ക് 15 ലക്ഷംരൂപ വീതം നിക്ഷേപിക്കാമെന്നും വാഗ്ദാനംനല്‍കിയ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നില്‍ നവംബര്‍ എട്ടിന് രാത്രി വന്നുനിന്ന ചങ്കൂറ്റത്തോടെ തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് വേണമെന്നും പറയാന്‍ ധൈര്യമുണ്ടോ. വെയിലത്ത് വരിയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ടും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും വിള നഷ്ടവും മൂലം രാജ്യത്തെ നൂറ്റിമുപ്പതു കോടി ജനത നേരിട്ട കൊടിയ കഷ്ടനഷ്ടങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹം നേരിട്ടാണ് നോട്ടുനിരോധനനടപടി പ്രഖ്യാപിച്ചതും അതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് വാദിച്ചിരുന്നതും. ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നവനാണ് യഥാര്‍ഥ ഭരണാധികാരി; അത് വര്‍ധിപ്പിക്കുന്നവനല്ല. സാമ്പത്തിക-രാഷ്ട്രീയ പൊറാട്ടു നാടകത്തിനുള്ളതല്ല മഹത്തുക്കളായ പൂര്‍വസൂരികള്‍ നമുക്ക് കൈവെള്ളയില്‍ വെച്ചുതന്ന ഇന്ത്യ.