Connect with us

Video Stories

ഭീകര വിരുദ്ധതക്ക് ഇനി എന്തുവില ?

Published

on

അധികാരമേറ്റശേഷം നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അമ്പതാമത്തെ രാജ്യമാണ് ഇസ്രാഈല്‍. അഹിംസയുടെ ആത്മീയസ്രോതസ്സായ ഇന്ത്യാമഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി ലോക തീവ്രവാദത്തിന്റെ ഈറ്റില്ലമായ ഇസ്രാഈലില്‍ നടത്തിയ സന്ദര്‍ശനത്തെയും സഹകരണത്തെയും എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇന്നലെ ജി-20 യോഗത്തില്‍ പങ്കെടുക്കാനായി ഹംബര്‍ഗിലെത്തിയ നരേന്ദ്രമോദി മിനിഞ്ഞാന്ന് ഇസ്രാഈലിലും പതിവുപോലെ ഭീകരത അടിച്ചമര്‍ത്തേണ്ടതിനെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. ഇതാകട്ടെ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കേണ്ടതുമായ മഹത്തായ ലോക സമാധാന നയത്തിന്റെ ഭാഗവുമാണ്. പക്ഷേ ജൂണ്‍ ആറിന് മോദി കയറിയ വിമാനം പുറപ്പെട്ടത് ലോകത്തെ ഭീകര രാഷ്ട്രമായി എണ്ണപ്പെടുന്ന രാജ്യങ്ങളിലൊന്നില്‍ നിന്നാണെന്നത് ഏറെ വൈരുധ്യാത്മകവും മോദിയുടെതന്നെ പ്രസ്താവനകളിലെ കാപട്യവുമാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ഭീകരതക്കുള്ള പുതിയ നിര്‍വചനമാണ് മോദി തെല്‍അവീവില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. വേട്ടക്കാരനെ ഇരയാക്കുന്ന പുത്തന്‍ സിദ്ധാന്തം. 130 കോടിവരുന്ന ജനതയെ വെറും 84 ലക്ഷം മാത്രം വരുന്ന ജനതക്ക് മുന്നില്‍ അടിയറവുവെക്കുന്ന ഒരു മോദിയിന്‍ തിയറി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ജൂണ്‍മൂന്നിന് ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്ക് യാത്രതിരിക്കുമ്പോള്‍ ചരിത്രസൂചി 180 ഡിഗ്രിയിലേക്ക് തിരിയുകയായിരുന്നു. നമ്മുടെ വിദേശ നയത്തിന്റെ കാതലായ സമാധാനവും ശാക്തിക ചേരിചേരാനയവും ഏഴു പതിറ്റാണ്ട് രാജ്യം പിന്തുടര്‍ന്നുവന്ന വിദേശകാര്യ നയവുമാണ് അന്ന് തലകീഴായിമറിഞ്ഞത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ഇസ്രാഈല്‍ സന്ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്ട്രത്തിന് അപമാനിതയാകാന്‍ ഇതില്‍കൂടുതലെന്തുവേണം. പുണ്യഭൂമിയായ ജെറുസലേം ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ സയണിസം പത്തിവിരിച്ചാടുന്ന കാഴ്ചയാണ് 1948 മുതല്‍ ലോകം നിസ്സഹായതയോടെ കണ്ടുകൊണ്ടിരിക്കുന്നത്. അന്നുതന്നെ ആ രാജ്യത്തെ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. പകരം ഫലസ്തീന്‍കാരുടെ പക്ഷത്തായിരുന്നു നാം. ഫലസ്തീന്‍ ജനതയെ സ്വന്തം ജന്മഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയും അവിടെ സായുധ സന്നാഹങ്ങളുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതുമായ രാജ്യത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പോകുന്നതിനെ ലോക സമൂഹവും ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും കാടത്തത്തിന് കുടപിടിക്കലായി വിശേഷിപ്പിച്ചത് ഇതുകൊണ്ടായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും ആഴത്തിലുള്ള ബന്ധം ഇതാദ്യമാണ്. അതും ഫലസ്തീനെതിരെ ഇപ്പോഴും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. അടുത്തിടെയാണ് ഇസ്രാഈലിനെതിരെ ഫലസ്തീനെ സംബന്ധിച്ച നൂറ്റിഇരുപതാമത്തെ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസാക്കിയത്. ഫലസ്തീന്‍ രാജ്യത്തോടും ഫലസ്തീന്‍ വിമോചനനേതാവും പ്രസിഡണ്ടുമായിരുന്ന യാസര്‍ അറഫാത്തിനോടും അതിരുകളില്ലാത്തത്ര സ്‌നേഹവും സഹകരണവുമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അടുത്തിടെ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ആ ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്നുവെന്ന തോന്നലാണ് ഉണ്ടായത്. പണ്ഡിറ്റ്ജിയുടെ പാതയിലൂടെ മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടേ ഫലസ്തീനുമായുള്ള ആ സാഹോദര്യ ബന്ധം ദൃഢതരമായി തുടര്‍ന്നു പോന്നു.
പ്രാദേശികമായുള്‍പ്പെടെ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഇസ്രാഈലിന് ഇന്ത്യയെ പോലുള്ളൊരു രാഷ്ട്രത്തില്‍ നിന്ന് സ്വീകാര്യതയും സഹായവും സഹകരണവും ലഭിക്കുന്നുവെന്നത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ആഹ്ലാദകരവും തങ്ങളെ ഇക്കാലമത്രയും വീറോടെ എതിര്‍ത്തിരുന്ന രാജ്യത്തിനുനേര്‍ക്കുള്ള മധുര പ്രതികാരവുമായിരിക്കും. അതുകൊണ്ടുതന്നെയാവണം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മോദിയും തമ്മില്‍ നടത്തിയ ഒരു ഡസനോളം ആലിംഗനങ്ങളും മടങ്ങുംവരെയും ഇരുവരുമുള്ള ഒരുമിച്ചുനടത്തവും. ഇരു പ്രധാനമന്ത്രിമാരുടെയും തുടരെത്തുടരെയുള്ള പൊട്ടിച്ചിരികളെ മനുഷ്യാവകാശങ്ങളോടുള്ള പരിഹാസമായേ ഫലസ്തീന്‍ ജനതയും അറബ് -മുസ്‌ലിം ലോകവും വേദനയോടെ കണ്ടിരിക്കൂ. സംയുക്ത പ്രസ്താവനയില്‍ ‘ഫലസ്തീനെ സംബന്ധിച്ച് നീതിപൂര്‍വകവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനത്തിന് പ്രയത്‌നിക്കു’മെന്ന പരാമര്‍ശം കണ്ണുതട്ടാതിരിക്കാന്‍വെക്കുന്ന കോലമായേ വിലയിരുത്തപ്പെടൂ. ലോകത്തെ മിക്ക രാജ്യങ്ങളുടെയും ആയുധക്കടയാണ് ഇന്ന് ഇസ്രാഈല്‍. ഇന്ത്യയും അത്യാധുനിക യുദ്ധോപകരണങ്ങളുടെ കരാറാണ് ഇപ്പോള്‍ ആ രാജ്യവുമായി ഒപ്പുവെച്ചിട്ടുള്ളത്. അതായത് സമാധാന കാംക്ഷികളായ ഇന്ത്യന്‍ ജനതയുടെ നികുതിപ്പണം ഫലസ്തീകള്‍ക്കുള്ള വെടിയുണ്ടകളായി മാറുന്ന ദുരന്തം. കൃഷി, ബഹിരാകാശം, സാങ്കേതികവിദ്യ, ജലസംരക്ഷണം തുടങ്ങിയ ഏഴ് മേഖലകളില്‍ ഭാവിസഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന തീരാദുരിതങ്ങളെപ്പറ്റി ഒറ്റ വാക്കുപോലും പറയാനോ തൊട്ടടുത്ത ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിക്കാനോ മോദി തയ്യാറായില്ലെന്നതും ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ അലങ്കോലപ്പെടുത്തുന്നതായി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മേയില്‍ നടത്തിയ ഇസ്രാഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിലെ ജെറുസലേം അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നത് ഓര്‍ക്കുമ്പോഴാണ് മോദിയുടെ മനസ്സിലെ ഭീകരത മനസ്സിലാകുക. അമേരിക്കയും ഇസ്രാഈലുമായി ചേര്‍ന്നുള്ള മുസ്‌ലിം വിരുദ്ധ ചേരിയാണ് മോദിയുടെ ഉള്ളിലെങ്കില്‍ അത് ആത്മഹത്യാപരമാകാനേ തരമുള്ളൂ. കാരണം ചൈനയുമായും മികച്ച ബന്ധമാണ് ഇസ്രാഈലിനുള്ളതെന്നത് നാമോര്‍ക്കണം.
ഇസ്രാഈലുമായി ചേര്‍ന്നുകൊണ്ട് ആഗോള ഭീകരതയെ നേരിടുമെന്ന മോദിയുടെ പ്രഖ്യാപനം ഇക്കാരണത്താലൊക്കെ ഏറെ പരിഹാസ്യമായാണ് ലോകത്തിനും മൂന്നാം ലോക രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് അറേബ്യക്കും അനുഭവപ്പെടുന്നുണ്ടാവുക. ലോക സമാധാനത്തിനും അഹിംസക്കും പ്രശസ്തികേട്ടതും ലോക ജനതക്ക് മുഴുവന്‍ മാതൃകയായതുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും അദ്ദേഹത്തെത്തന്നെയും വെടിയുണ്ടക്കിരയാക്കിയവരില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ല. ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കൊലക്ക് പ്രതിചേര്‍ക്കപ്പെട്ട നാളുകളിലൊന്നിലായിരുന്നു 2003ലെ മോദിയുടെ പ്രഥമ ഇസ്രാഈല്‍വിരുന്ന്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്കുപോലും സയണിസ്റ്റ് കുബുദ്ധിയുണ്ടെന്നത് പരസ്യമായതാണ്. താന്തോന്നിയായ ഭരണാധികാരിയുടെ പിന്നാലെ സ്‌നേഹത്തിന്റെയും അഹിംസയുടെയും മിതവാദത്തിന്റെയും രാജ്യവും ജനതയും കുഴലൂത്തുകാരനു പിന്നാലെ പായുന്ന എലിക്കൂട്ടമായി പോകില്ലെന്ന് ലോകത്തിന് ബോധ്യപ്പെടേണ്ടതുണ്ട്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending