തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒഡീഷ, ആന്ധ്രാ തീരങ്ങള്‍ നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാനായിട്ടില്ല. ഇതിനാല്‍ തുടര്‍ ദിവസങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

നാളെയോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് സൂചന. കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടതിനാല്‍ ഇന്നലെ പകലും വൈദ്യുതി വാങ്ങേണ്ടി വന്നു. അരമണിക്കൂറോളം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിയും വന്നിരുന്നു.
താല്‍ച്ചര്‍-കോളാര്‍ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറില്‍ തകര്‍ന്നത്. കൂടാതെ അങ്കൂളം-ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റില്‍ തകര്‍ന്നിരുന്നു.