കോഴിക്കോട്: രാജ്യത്തെ മതവിശ്വാസങ്ങള്‍ക്കും ധാര്‍മികമൂല്യങ്ങള്‍ക്കുമെതിരായി സമീപകാലത്തുണ്ടായ കോടതിവിധികളില്‍ മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തി. പാര്‍ലമെന്റും നിയമസഭകളും വിഷയത്തില്‍ ഇടപെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. രാജ്യം കാത്തു സൂക്ഷിച്ചുവരുന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കെതിരായ വിധികളാണുണ്ടായത്്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയും മൂല്യവ്യവസ്ഥകള്‍ക്കെതിരാണ്. ധാര്‍മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്‍ത്തുന്നത.് ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനും പാര്‍ലമെന്റും നിയമസഭകളും അടിയന്തരമായി ഇടപെടണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യയമായ ഇടപെടലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ളതെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, എം.സി മായിന്‍ ഹാജി (മുസ്്‌ലിംലീഗ്) കെ.ടി ഹംസ മുസ്്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി (സമസ്ത), ടി.പി അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.മുഹമ്മദ് വേളം (ജമാഅത്തെ ഇസ്്‌ലാമി), ഇ.എം അബൂബക്കര്‍ മൗലവി, ഇ.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്‌റഫ്, ഹുസൈന്‍ ടി കാവനൂര്‍ (വിസ്ഡം), ഡോ.ഫസല്‍ ഗഫൂര്‍, സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്) പങ്കെടുത്തു.