ബംഗളൂരു: ആളൊഴിഞ്ഞ റോഡില്‍ സെല്‍ഫി എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലയാളി ബംഗളൂരു കുത്തേറ്റ് മരിച്ചു. എറണാംകുളം സ്വദേശി ഗൗതം കൃഷ്ണയാണ് (25) അക്രമികളുടെ കുത്തേറ്റ് മരിച്ചത്. മൈസൂര്‍ ബാങ്ക് സര്‍ക്കിളിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ഗൗതം ബെംഗുളൂരുവിലെത്തിയിട്ട് വെറും നാല് ദിവസമേ ആയിരുന്നുള്ളു. ആളൊഴിഞ്ഞ ഒരു റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്നു ഗൗതം. ഈ സമയത്ത് ഗൗതം സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. റോഡിന് നടുവില്‍ നിന്ന് സെല്‍ഫി എടുക്കുന്ന ഇവരെ ബൈക്കില്‍ വന്ന രണ്ട് ആളുകള്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

റോഡിന് നടുവില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് എന്തിനാണെന്ന് ബൈക്കിലെത്തിയവര്‍ ഗൗതമിനോട് ചോദിച്ചു. ഗൗതം ഇതിന് മലയാളത്തില്‍ ഉത്തരം നല്‍കിയത് അക്രമികളെ ചൊടിപ്പിച്ചു. കന്നഡ അറിയില്ലേ എന്ന ചോദ്യത്തിനും ഗൗതം മലയാളത്തില്‍ ഉത്തരം നല്‍കിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ ബൈക്കുകാരില്‍ ഒരാള്‍ ഗൗതമിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

ഗൗതമിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ യുവാവ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.