യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയില്‍സിനെയാണ് ഇറ്റലി കീഴ്‌പ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്‍ ലോകകപ്പ് ജേതാക്കള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി വെയില്‍സും പ്രീക്വാര്‍ട്ടറില്‍ എത്തി.

ക്രോസ്ബാറിനു കീഴില്‍ മികച്ചുനിന്ന ഡാനി വാര്‍ഡ് ആണ് ഇറ്റലിയുടെ ലീഡ് നില കുറച്ചത്. 39ആം മിനിട്ടില്‍ ഇറ്റലിയുടെ ഗോള്‍ വന്നു. മാര്‍ക്കോ വെറാറ്റി എടുത്ത ഫ്രീ കിക്ക് മത്തെയോ പെസ്സിന വെയില്‍സ് വലയില്‍ എത്തിക്കുകയായിരുന്നു. 55ആം മിനിട്ടില്‍ വെയില്‍സ് യുവതാരം ഏതന്‍ അമ്പഡു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ വെയില്‍സ് 10 പേരായി ചുരുങ്ങി. എങ്കിലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ വെയില്‍സിനായി.