ഒട്ടാവ: അമിത ലൈംഗികത എന്ന് ആരോപിച്ച് ഫേസ്ബുക്ക് ഉള്ളിയുടെ ചിത്രം നീക്കം ചെയ്തു. ലൈംഗീകതയുടെ അതിപ്രസരമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ഫേസ്ബുക്കിന്റെ രീതി. പ്രത്യേക അല്‍ഗോരിതവും ഇവിടെ ഫേസ്ബുക്കിനുണ്ട്.

ദി സീഡ് കമ്പനി ബൈ ഇ ഡബ്ല്യു ഗേസ് എന്ന വിത്ത് വിതരണ സ്ഥാപനത്തിന്റെ പേജില്‍ പങ്കുവെച്ച ഉള്ളിയുടെ ചിത്രമാണ് ഫേസ്ബുക്ക് പിന്‍വലിച്ചത്. വല്ല വല്ല സ്വീറ്റ് ഒനിയന്‍ എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. ഉള്ളിയുടെ പരസ്യത്തില്‍ ലൈംഗികത ഉള്ളതിനാല്‍ നീക്കം ചെയ്യുന്നു എന്നാണ് കമ്പനിയെ ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഉള്ളിയുടെ ചിത്രവും, ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കില്‍ നിന്ന് വന്ന ഔദ്യോഗിക അറിയിപ്പും സ്‌ക്രീന്‍ഷോട്ട് എടുത്താണ് സീഡ് കമ്പനി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വല്ല വല്ല ഒനിയന്‍ സീഡുകളുടെ ചിത്രങ്ങളില്‍ ലൈംഗിക അതിപ്രസരം ഉണ്ടെന്നാണ് അവര്‍ പറയുന്നത്. നിങ്ങളിത് കണ്ടോ? കമ്പനി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.