എ.പി താജുദ്ദീന്‍

കണ്ണൂര്‍: വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച മോറിസ് കോയിന്‍ മണി ചെയിന്‍ ശൃംഖല നിലച്ചു. നിക്ഷേപകര്‍ക്ക് ലാഭവിഹിതം അഥവാ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ലഭിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിടുന്നു. ലാഭവിഹിതം ആവശ്യപ്പെടുന്ന നിക്ഷേപകരെ ആശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരാതി നല്‍കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയാണ് ഏജന്റുമാര്‍. ഇതോടെ 15,000 മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ച നാട്ടിലും വിദേശത്തുമുള്ള നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ ലാഭവിഹിതം നല്‍കുവാനോ പുതിയ നിക്ഷേപം സ്വീകരിക്കുവാനോ കമ്പനിക്ക് സാധ്യമല്ലെന്നും നിക്ഷേപകര്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം പൊലീസ് ചീഫ് അബ്ദുല്‍ കരീം പറഞ്ഞു. പ്രസ്തുത കമ്പനി രാജ്യത്തെവിടെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 22ന് ചന്ദ്രിക നിക്ഷേപതട്ടിപ്പ് പുറത്തുകൊണ്ടുവരികയും തുടര്‍ന്ന് മലപ്പുറം പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് നിക്ഷേപം വരാതായതോടെയാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ആര്‍ഒഐ മുടങ്ങാന്‍ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി മോറിസിന്റെ ഉടമകളായ എല്‍ആര്‍ ടെക്‌നോളജീസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ ഇതുവരെ 12 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായും ഒന്നരക്കോടി രൂപ ബാലന്‍സ് ഉള്ളതായും കണ്ടെത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഡിവിഷന് പൊലീസ് കൈമാറിയിട്ടുണ്ട്.

അതിനിടെ ഇന്നലെ നിക്ഷേപകര്‍ക്ക് പുതിയ നിര്‍ദേശവുമായി കമ്പനിയുടെ ലീഡര്‍മാര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. മോറിസ് വെബ്‌സൈറ്റിലെ ഡാഷ് ബോര്‍ഡ് ഓപ്പണ്‍ ചെയ്ത് അതിലെ നിബന്ധനകള്‍ ക്ലിക്ക് ചെയ്ത് അംഗീകരിക്കാനാണ് നിക്ഷേപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് ലാഭവിഹിതമോ റീഫണ്ടോ ലഭിക്കുകയുള്ളൂ എന്നാണ് ലീഡര്‍മാര്‍ എന്നറിയപ്പെടുന്ന ഏജന്റുമാരുടെ ഭീഷണി. നിക്ഷേപത്തിന് കമ്പനി കൃത്യമായ ആര്‍ഒഐ നല്‍കില്ലെന്നും നിക്ഷേപിച്ച പണം തിരികെ നല്‍കാന്‍ ബാധ്യതയില്ലെന്നുമാണ് പ്രസ്തുത ടേംസ് ആന്റ് കണ്ടീഷന്‍സിന്റെ ചുരുക്കം. ഇത് അംഗീകരിക്കുന്നതോടെ ലക്ഷങ്ങള്‍ നഷ്ടപ്പെടുന്ന നിക്ഷേപകര്‍ക്ക് ഒരു കേസ് പോലും ഫയല്‍ചെയ്യാന്‍ സാധ്യമല്ലാതാവും. മിക്ക നിക്ഷേപകരുടെ പക്കലും യൂസര്‍നെയിമും പാസ്‌വേര്‍ഡുമില്ല. പിന്‍സ്റ്റോക്കിസ്റ്റുകളാണ് ഇവരെ നിക്ഷേപകരാക്കിയത്. നിക്ഷേപകന്റെ മൊബൈലില്‍ വരുന്ന ഒടിപി വാങ്ങി വെബിസൈറ്റിലെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് അവരാണ്. അതിനാല്‍ പുതിയ ടേംസ് ആന്റ് കണ്ടീഷന്‍സും അവര്‍ തന്നെയായിരിക്കും നിക്ഷേപകന് വേണ്ടി അംഗീകരിക്കുക. അതിനാല്‍ പണം നഷ്ടമായവര്‍ക്ക് തിരിച്ചുകിട്ടാനുള്ള ക്ലെയിമും നഷ്ടപ്പെടാനാണ് സാധ്യത. യൂസര്‍നെയിമും പാസ് വേര്‍ഡും കൈവശമുള്ള നിക്ഷേപകരും ചതിയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയില്ല. മിക്ക മോറിസ് നിക്ഷേപകരും ശരാശരിയോ അതിന്റെ താഴെയോ വിദ്യാഭ്യാസമുള്ളവരും ഇടത്തരം ജീവിത സാഹചര്യങ്ങളിലുള്ളവരുമാണ്. അവര്‍ക്ക് ഇംഗ്ലീഷിലുള്ള നിബന്ധനകള്‍ വായിച്ചു മനസിലാക്കാന്‍ പ്രയാസമായിരിക്കും. അതിനാല്‍ ലീഡര്‍മാര്‍ പറയുന്നത് കണ്ണടച്ച് അനുസരിക്കാനെ അവര്‍ക്ക് സാധിക്കുകയുള്ളൂ.

രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച എല്‍ആര്‍ ടെക്‌നോളജീസ് ഈ വര്‍ഷം ജൂണിലാണ് ക്രിപ്‌റ്റോ കറന്‍സി എന്ന പേരില്‍ മോറിസ് കോയിന്‍ പദ്ധതി അവതരിപ്പിച്ചത്. ഒരു കോയിന് 1500 രൂപ പ്രകാരം 15000 രൂപക്ക് 10 കോയിന്‍ വാങ്ങിയാല്‍ ദിവസവും 270 രൂപ വീതം 300 ദിവസം കൊണ്ട് 81000 രൂപ തിരിച്ചു നല്‍കുമെന്നും അതിന് ശേഷം മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുകയോ വിനിമയം നടത്തുകയോ ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. 10 ശതമാനം മുതല്‍ 40 ശതമാനം വരെയായിരുന്നു കണ്ണിചേര്‍ക്കുന്ന ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍. എ മുതല്‍ ഇ വരെ അഞ്ച് ലെവലുകളില്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ആകര്‍ഷകമായതോടെ എജന്റുമാര്‍ കൂടുതല്‍ പേരെ ഈ വലയില്‍ കുടുക്കുകയായിരുന്നു. ആദ്യം നിക്ഷേപിച്ചവര്‍ക്ക് ലാഭവിഹിതം കിട്ടിത്തുടങ്ങിയതോടെ അവര്‍ കൂടുതല്‍ തുക നിക്ഷേപിക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിചേര്‍ക്കുകയും ചെയ്തു. എംബിസ്, സ്മാര്‍ട്ട് വേ തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ മാസങ്ങളില്‍ നിക്ഷേപകരെ വഞ്ചിട്ട് കോടികള്‍ തട്ടി മുങ്ങിയിരുന്നു. അതിന് മുമ്പ് ടൈക്കൂണ്‍, ആര്‍എംപി, കാമധേനു, ബിക്മാര്‍ക്ക്, ബിസിനസ് ഫോര്‍ച്യൂണ്‍, പെന്റ് വേള്‍ഡ്, ഹെഡ്ര, നാനോ എക്‌സല്‍ കമ്പനികളില്‍ കോടികള്‍ മലയാളികള്‍ക്ക് നഷ്ടമായിരുന്നു.