കൊടിഞ്ഞി: മലപ്പുറത്തെ ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ അറിയാവുന്നവരാണെന്ന് ഫൈസലിന്റെ മാതാവ് മീനാക്ഷി. ഭാര്യയുടെ പിതാവിനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നത് അറിയാവുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന് മീനാക്ഷി പറഞ്ഞു. വെട്ടിനുറുക്കാന്‍ മാത്രം തന്റെ മകന്‍ ചെയ്തകുറ്റമെന്താണെന്ന് മീനാക്ഷി ചോദിക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ടി ദര്‍ശനത്തിന് വെച്ചപ്പോഴായിരുന്നു മീനാക്ഷിയുടെ ഈ ചോദ്യം. കൊടിഞ്ഞിയില്‍ ശനിയാഴ്ച്ചയാണ് ഫൈസല്‍ കൊല്ലപ്പെടുന്നത്.

ഞായറാഴ്ച ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു ഫൈസല്‍. തലേദിവസം ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്നാണ് ഫൈസലിന്റെ സുഹൃത്തുക്കളും സംശയിക്കുന്നുണ്ട്. മതംമാറിയതിന് തനിക്ക് ബന്ധുക്കളില്‍ നിന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരില്‍ ഭീഷണിയുള്ളതായി ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബന്ധുക്കളടക്കം നാല് പേര്‍ കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് ഫൈസല്‍ ഗള്‍ഫിള്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും കഴിഞ്ഞ ദിവസം ഭാര്യയെയും കുട്ടികളെയും മുസ്‌ലിമാക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഇതിലെ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ നാല് പേര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തെങ്കിലും അത് വക വെക്കാതെ ഫൈസല്‍ മുന്നോട്ട് പോയി. മാത്രമല്ല ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയെയും കുട്ടികളെയും ഇസ്‌ലാം മതത്തിലേക്ക് കൊണ്ട് വന്നു. ഇതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അത് കൂട്ടാക്കാതെ വന്നതോടെ ബന്ധു ഒരു തീവ്ര ഹിന്ദു സംഘടനയുടെ സഹായം തേടി.

ഇവരുടെ യോഗത്തിലടക്കം വിഷയം ചര്‍ച്ചയായി. ഈ സംഘടനക്കാര്‍ ഫൈസലിന്റെ വീട്ടിലെത്തി ഭാര്യയോട് മതം മാറരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയ എന്ന ജസ്‌ന, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവരും ഈയിടെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതോടെ ഈ തീവ്ര ഹിന്ദു സംഘടനയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അതിലേക്കെത്തിക്കുന്ന വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നത്തോടെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.