മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗം താറുമാറായ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കണമെന്നാവശ്യം. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാന്‍കോയാണ് ഊര്‍ജിതിന്റെ രാജിയാവശ്യപ്പെട്ട് രംഗത്ത് എത്തിയത്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി
2.5 ലക്ഷം ഉദ്യോഗസ്ഥരുടെ പിന്തുണയാണ് ഫ്രാന്‍കോയ്ക്കുള്ളത്.

പുതിയ പരിഷ്‌കരണത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ജോലി ഭാരം കാരണം പതിനൊന്ന് ബാങ്ക് ഉദ്യോഗസ്ഥരാണ് മരിച്ചതെന്നും ഇതിന്റെയൊക്കെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പട്ടേല്‍ രാജിവെക്കണമെന്നുമാണ് ഫ്രാന്‍കോ ആവശ്യപ്പെടുന്നത്. പരിഷ്‌കാരം നടപ്പില്‍ വരുത്തുന്നതിന് മുമ്പ് കാര്യങ്ങള്‍ ശരിയാവുമോ എന്ന് വിലയിരുത്തേണ്ട ഉത്തരവാദിത്വം ഊര്‍ജിതിനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോദിയുടെ പിന്തുണ പട്ടേലിനുണ്ടാകുന്നത്‌ അദ്ദേഹത്തിന് ഭീഷണിയായിരിക്കില്ല. ബാങ്കേഴ്‌സ് അസോസിയേഷനില്‍ പിന്തുണ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എളുപ്പമാകില്ലെന്നാണ് സൂചന. രഘുറാം രാജന്റെ പിന്‍ഗാമിയായാണ് ഊര്‍ജിത് ഗവര്‍ണറാകുന്നത്.