kerala

വിട നല്‍കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

By webdesk17

July 04, 2025

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നല്‍കി നാട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ ബിന്ദു കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തുവന്നിരുന്നു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.