കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി യുവതി. കുടുംബത്തില്‍ ഉപ്പയും ഉമ്മയും അടക്കം എല്ലാവര്‍ക്കും വിവാഹത്തില്‍ സമ്മതമാണെന്നും ബന്ധുക്കളാണ് പ്രശ്‌നമുണ്ടാക്കിയത് എന്നും ഫര്‍ഹാന പറഞ്ഞു. ഫര്‍ഹാനയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികളെ ആക്രമിച്ചത്.

ആദ്യ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് കര്യക്ഷമമായ നടപടി എടുത്തില്ല. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചത്. പ്രതികള്‍ വരന്‍ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നു- ഫര്‍ഹാനയെ ഉദ്ധരിച്ച് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് മുഹമ്മദ് സ്വാലിഹ് പറഞ്ഞു. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു പ്രതികള്‍ക്കും പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനം ഉണ്ട്. ഭീതിയോടെയാണ് ജീവിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയായിരുന്നു സ്വാലിഹും ഫര്‍ഹാനയും തമ്മിലുള്ള വിവാഹം. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ കബീര്‍, മന്‍സൂര്‍ എന്നിവരടക്കമുള്ള എട്ടംഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.

ചിത്രത്തിന് കടപ്പാട്- 24 ന്യൂസ്