കണ്ണൂര്‍: കണ്ണൂരില്‍ പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ലില്‍ ആണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്.

പൊലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതാണെന്ന വിവരം വെളിപ്പെടുത്തുന്നത്. ജോലിക്ക് പോകാതെ ഇയാള്‍ വീട്ടില്‍ തന്നെ ഇരിക്കാറാണ് പതിവ്. കുട്ടിയുടെ അമ്മ തൊഴിലെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.

അമ്മ വീട്ടിലില്ലാത്തപ്പോള്‍ അച്ഛന്‍ തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും, ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ഭയന്നാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്ന് കുട്ടി പറയുന്നു. കേസെടുത്ത ചക്കരക്കല്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ ആരോഗ്യ നില മോശമാണെന്നും തുടര്‍ചികിത്സ ആവശ്യമാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.