Connect with us

More

‘മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്’

Published

on

ഷെരീഫ് സാഗര്‍

ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. പക്ഷെ, മാണിയെ തഴഞ്ഞ ശേഷം രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ പണി പാളിയേക്കും.

അപ്പോള്‍ എന്താണു പരിഹാരം?

ചോറു തിന്നുന്ന ബുദ്ധി ഉപയോഗിക്കുക എന്നതാണ് പരിഹാരം. അതാണ് ‘പൊളി ട്രിക്‌സ്’. മാണി വരികയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയെ കൂടെ കൂട്ടുന്നത് നല്ലതാണ്. അപ്പോള്‍ തോല്‍ക്കുന്ന ആ സീറ്റ് ജയിക്കാനായി മാണിക്കു കൊടുക്കുന്നതാണ് ഉചിതം. മുന്നണിയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ അതു മാണിക്കു കൊടുക്കുന്നതില്‍ അസ്വാരസ്യമുണ്ടായിരുന്നില്ല. എന്നാല്‍ പിണങ്ങിപ്പിരിഞ്ഞ ശേഷം വന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരു അസ്വസ്ഥത. സ്വാഭാവികം. ലീഗിന്റെ കൈയിലുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് അങ്ങോട്ട് തള്ളിയിട്ടാണ് പണ്ട് അഞ്ചാം മന്ത്രിയുണ്ടായത്. അതുപോലൊരു ചതുരംഗക്കളിയാണിത്. വേണമെങ്കില്‍ ഈ സീറ്റ് ലീഗിനു സിമ്പിളായി ചോദിച്ചു വാങ്ങാം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നണി ബന്ധങ്ങളുടെ വിപുലീകരണമാണ് രാഷ്ട്രീയ ബുദ്ധി.

മാണി കള്ളനോ കരിങ്കാലിയോ ആയാലും യു.ഡി.എഫ് സീറ്റ് കൊടുത്തില്ലെങ്കില്‍ സി.പി.എം കൊടുക്കും. അല്ലെങ്കില്‍ ബി.ജെ.പി സഹായിക്കും. ഈ രണ്ടു സാഹചര്യങ്ങളുമാണ് ഇപ്പോള്‍ ഒഴിവായത്.
.
.
നിങ്ങള്‍ കരുതുന്നുണ്ടോ, ബി.ജെ.പി ഒറ്റ പാര്‍ട്ടിയാണെന്ന്? ഒലക്കയാണ്. ആള്‍ബലമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് സംഘ്പരിവാര്‍ ഗ്രൂപ്പുകളുടെ ഏകോപിത രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. പോരാഞ്ഞിട്ട് അവരോട് ചേരാന്‍ വെമ്പി ചെറുകക്ഷികള്‍ വേറെയും. ഈ രാഷ്ട്രീയ വിപത്തിനെ ചെറുക്കാന്‍ അതേമട്ടിലുള്ള മുന്നണി രാഷ്ട്രീയം കൊണ്ടേ സാധ്യമാകൂ. 2019ല്‍ സി.പി.എം ഉള്‍പ്പെടുന്ന മതേതര മുന്നണി വേണമെന്ന് സാമാന്യ ബോധമുള്ളവരൊക്കെ പറയുന്നത് അതുകൊണ്ടാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റിയ ബുദ്ധി അതാണ്. വെറും 38 സീറ്റു നേടിയ ജെ.ഡി.എസിന് 78 സീറ്റു കിട്ടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം കൊടുത്ത് അധികാരം പങ്കിട്ടപ്പോള്‍ ”രാജതന്ത്രമെന്നും, കോണ്‍ഗ്രസ് ഡാ” എന്നും വിളിച്ച് എതിരേറ്റവരാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാളും വാരിക്കുന്തങ്ങളുമായി കോണ്‍ഗ്രസിനെ നേരിട്ട ജെ.ഡി.എസിന് 78 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് വെള്ളിത്താലത്തിലാണ് മുഖ്യമന്ത്രി സ്ഥാനം വെച്ചു കൊടുത്തത്. അതു വീരകൃത്യവും മുന്നണിയിലേക്കു തിരിച്ചുവന്ന മാണിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിനു മുന്നേ മുന്നണി ശക്തിപ്പെടുത്തുന്നത് അപഹാസ്യവും ആകുന്നതെങ്ങനെ?

.
.
മറ്റൊന്നുകൂടി. തീരുമാനം എന്തായാലും അത് ഹൈക്കമാന്റാണ് എടുക്കുന്നത്. സ്ട്രാറ്റജിയില്‍ അഭിപ്രായം പറയുക മാത്രമാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ റോള്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതൃത്വവും ഹൈക്കമാന്റുമാണ് ഏതു തീരുമാനത്തിന്റെയും ഉത്തരവാദികള്‍. ഈ ഓരിവെപ്പിന്റെ ബുദ്ധി ലീഗിന്റേതാണെന്നു പറഞ്ഞ് ലീഗിനോട് പ്രതികാരം ചെയ്യുമെന്നൊക്കെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീരസ്യമിളക്കുന്നതു കണ്ടു. മുന്നണിയുടെ കെട്ടുറപ്പ് കാക്കാന്‍ കത്തിയും കഴുത്തും കൈയില്‍ വെച്ചുതന്ന മുസ്‌ലിംലീഗിന് വെറും രണ്ടു ലോക്‌സഭാ സീറ്റിലാണ് നിങ്ങള്‍ വോട്ടു ചെയ്യേണ്ടത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ലീഗുകാരെല്ലാം കൈപ്പത്തിക്ക് കുത്തി തഴമ്പിച്ചവരാണ്. 140 നിയമസഭാ സീറ്റുകളില്‍ 24ല്‍ മാത്രമാണ് കോണ്‍ഗ്രസുകാര്‍ കോണിക്കു കുത്തേണ്ടത്. ബാക്കിയുള്ള 116ലും കൈപ്പത്തിക്കും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ലീഗുകാരുടെ വോട്ട്.

എടുക്കുന്ന തീരുമാനങ്ങളുടെ പള്‍സെന്താണ് എന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിലുള്ള പരാജയമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍. ‘കള്ളന്‍ പിള്ള’ എന്നു നാഴികക്കു നാല്‍പതുവട്ടം വിളിച്ച ബാലകൃഷ്ണപ്പിള്ള എല്‍.ഡി.എഫിനൊപ്പം കൂടിയപ്പോള്‍ ഒരു സി.പി.എമ്മുകാരനും രാജിവെച്ചതായി കേട്ടിട്ടില്ല. നിയമസഭ വരെ കുട്ടിച്ചോറാക്കിയിട്ട് മാണിയെ പ്രതിരോധിച്ച സി.പി.എമ്മുകാര്‍ മാണി എല്‍.ഡി.എഫിനൊപ്പം വരുന്നു എന്നു കേട്ട് സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടില്ല. പത്രത്തെയും പട്ടക്കാരെയും കൂട്ടി സി.പി.എമ്മിനെ വളഞ്ഞിട്ട് പൂശിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ എല്‍.ഡി.എഫ് പ്രവേശത്തിന് രാജ്യസഭാ സീറ്റാണു വെച്ചുനീട്ടിയത്. ഒരൊറ്റ എം.എല്‍.എയുമില്ലാത്ത വീരനാണ് സി.പി.എം രാജ്യസഭാ സീറ്റ് കൊടുത്തത് എന്നുകൂടി ഓര്‍ക്കണം.ഒരു സി.പി.എമ്മുകാരനും രാജി പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയം എന്നാല്‍ സാധ്യതകളുടെ കലയാണെന്ന് അവര്‍ക്കറിയാം.
.
.
ഈ വാക്ക് പത്തുവട്ടം ഉരുവിട്ടാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.
”മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്.”

ഷെരീഫ് സാഗര്‍

health

ഇന്ത്യക്കാർ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരോഗ്യ ചോദ്യങ്ങൾ; ജീവിതശൈലി രോഗങ്ങളോട് ആശങ്ക ഉയർന്നു

രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്.

Published

on

ന്യൂഡൽഹി: പ്രമേഹം മുതൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമാവുന്നതിനൊപ്പം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്. ഈ വർഷവും ഇന്ത്യയിൽ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ചോദ്യങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടവയായിരുന്നു.

ബ്ലഡ് ഷുഗർ, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കക്കല്ല്, വയറുവേദന തുടങ്ങിയ വിഷയങ്ങളാണ് തിരച്ചിലിൽ കൂടുതൽ മുന്നിൽ. ഇന്ത്യക്കാർ കൂടുതലായി ഗൂഗ്ളിൽ അന്വേഷിച്ച മുൻനിര ആരോഗ്യ ചോദ്യങ്ങൾ ഇതാ:

1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?

ഫാസ്റ്റിങ്ങിന് മുൻപ് 70–100 എംജി/ഡിഎൽ, ഭക്ഷണത്തിന് രണ്ട് മണിക്കൂറിനു ശേഷം 140 എംജി/ഡിഎലിൽ താഴെ ആയിരിക്കണം.

2. ഉയർന്ന രക്തസമ്മർദം എന്താണ്?

130/80 എംഎം എച്ച്‌ജി अथവ അതിൽ കൂടുതലായിരിക്കുമ്പോൾ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു.

3. രക്തസമ്മർദം കുറയ്ക്കാനുള്ള വഴികൾ?

ഉപ്പിന്റെ ഉപയോഗം കുറക്കൽ, വ്യായാമം, ഭാരം കുറക്കൽ, പുകവലി–മദ്യപാനം നിയന്ത്രണം എന്നിവ പ്രധാനമാണ്.

4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഉൾപ്പെട്ട ഹൃദയാരോഗ്യകരമായ ഭക്ഷണക്രമവും 150 മിനിറ്റ് വ്യായാമവും ശുപാർശ ചെയ്യുന്നു.

5. പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ?

ആരോഗ്യകരമായ ഭാരം, സമീകൃതാഹാരം, പഞ്ചസാര കുറവ്, വ്യായാമം, സ്റ്റ്രെസ് കുറയ്ക്കൽ, പുകവലി ഒഴിവാക്കൽ എന്നിവ നിർണായകം.

6. വയറുവേദനയ്ക്ക് കാരണമെന്ത്?

ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഭക്ഷണ അലർജി, ഇൻഫെക്ഷൻ എന്നിവയും ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് പോലുള്ള ഗുരുതര കാരണംകളും.

7. താരൻ എങ്ങനെ ഒഴിവാക്കാം?

ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ, വെളിച്ചെണ്ണ, ടീട്രീ ഓയിൽ എന്നിവയിലൂടെ പരിഹാരമുണ്ട്; തുടർന്നാൽ ഡെർമറ്റോളജിസ്റ്റിനെ കാണണം.

8. വയറിളക്കത്തിന് കാരണം?

ബാക്ടീരിയ, വൈറസ്, പരാദങ്ങൾ മൂലമുള്ള അണുബാധകൾ; കൂടാതെ ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത, IBS തുടങ്ങിയവ.

9. കാൻസറിന്റെ ലക്ഷണങ്ങൾ?

ശരീരഭാരം കുറയൽ, സ്ഥിര ക്ഷീണം, ചർമമാറ്റങ്ങൾ, അനിയന്ത്രിത രക്തസ്രാവം, വേദന, വീക്കം, ശ്വസപ്രശ്നങ്ങൾ എന്നിവ.

10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ?

നെഞ്ചുവേദന, വിയർപ്പ്, തോളിലേക്ക്–കൈയിലേക്ക്–കഴുത്തിലേക്ക് വ്യാപിക്കുന്ന വേദന. സ്ത്രീകളിൽ അമിത ക്ഷീണം, കഴുത്ത്–താടി വേദന, ഓക്കാനം എന്നിവയും കാണാം.

ഇതോടൊപ്പം സ്ഥിരമായ ക്ഷീണത്തിന് കാരണമെന്ത്, വയറുവീർക്കാനുള്ള കാരണം, വൃക്കക്കല്ലിന് വഴിയൊരുക്കുന്ന ഘടകങ്ങൾ, ചെറുനാരങ്ങ ചേർത്ത വെള്ളം ഭാരം കുറയ്ക്കുമോ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വൃക്കകൾക്ക് ദോഷമാണോ, ഒരു ദിവസം എത്ര കലോറി കഴിക്കണം, പഞ്ചസാര ചേർക്കാത്ത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാർ ഈ വർഷം ഗൂഗളിൽ വ്യാപകമായി തെരഞ്ഞു.

ഇന്ത്യയിൽ ആരോഗ്യബോധവത്കരണം കൂടുന്നതിന്റെ തെളിവാണിത്, അതേസമയം ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Continue Reading

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

Trending