Connect with us

india

ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എലികള്‍ കടിച്ചുകീറി മൃതദേഹം; ബന്ധുക്കള്‍ ആശുപത്രി കെട്ടിടം തകര്‍ത്തു

ശനിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവയില്‍ കടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്

Published

on

ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം എലികള്‍ കടിച്ചുകീറിയതായി ആരോപണം. ശനിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവയില്‍ കടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്. ഇതിനെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും അനുയായികളും ആശുപത്രി കെട്ടിടം അടിച്ചുതകര്‍ത്തു.

പഞ്ചാബി ധര്‍മ്മശാല മാനേജര്‍ ലഖന്‍ എന്ന ലക്കി ശര്‍മ്മ (36) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

‘രാവിലെ തിരിച്ചെത്തിയപ്പോള്‍ മൃതദേഹത്തിന്റെ കണ്ണിലും, ചെവിയിലും, മൂക്കിലും കടിയേറ്റ പാടുകള്‍ വ്യക്തമായിരുന്നു,’ മരിച്ചയാളുടെ ബന്ധു മനോജ് ശര്‍മ്മ ആരോപിച്ചു. മരിച്ചയാള്‍ കണ്ണ് ദാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എലികള്‍ ഒരു കണ്ണ് നശിപ്പിച്ചുവെന്നതും കുടുംബം ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാരുടെ കടുത്ത അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തി പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ആശുപത്രി കെട്ടിടത്തിലെ ഗ്ലാസ്, മേശകള്‍, കസേരകള്‍, ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു.

മോര്‍ച്ചറിയിലെ ഡീപ് ഫ്രീസര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യൂണിറ്റിന്റെ പിന്‍ഭാഗം തുറന്ന നിലയിലായിരുന്നതിനാല്‍ എലികള്‍ അകത്ത് കടന്നതാണെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

സംഭവം ഗുരുതര വീഴ്ചയാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രണ്‍ബീര്‍ സിംഗ് സമ്മതിച്ചു. ആശുപത്രിയിലെ നിരവധി ബോഡി സ്റ്റോറേജ് ഫ്രീസറുകള്‍ തകരാറിലാണെന്നും ചിലതിന്റെ മൂടികള്‍ ശരിയായി അടയ്ക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.

 

india

ഇന്‍ഡിഗോ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു

ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

Published

on

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സര്‍വീസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടിയന്തര ഇടപെടലുകളുമായി മുന്നോട്ട്. ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സംഘം പതിവായി യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.

ഏഴാം ദിവസവും പ്രതിസന്ധി മാറാതെ ഇന്‍ഡിഗോയുടെ നിരവധി സര്‍വീസുകള്‍ ഇന്ന് വിവിധ നഗരങ്ങളിലേക്കും റദ്ദാകാനിടയുണ്ട്.

ഡിജിസിഎയുടെ വിലയിരുത്തലില്‍ സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ വിശ്രമസമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്തതിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലും വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശം.

കൂടാതെ, എല്ലാ യാത്രക്കാര്‍ക്കും ഇന്ന് രാത്രി 8 മണിക്ക് മുമ്പായി റീഫണ്ട് നല്‍കണമെന്ന കര്‍ശന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ 10 ദിവസം കൂടി ആവശ്യമാണ് എന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി വീഴ്ച വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നതും കമ്പനിക്ക് കനത്ത പിഴ ചുമത്തുന്നതും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ യാത്രാദൂരത്തിനനുസരിച്ച് നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

ഇന്‍ഡിഗോ പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കെ, സര്‍ക്കാര്‍നിയന്ത്രണ ഏജന്‍സികളുടെ നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

 

Continue Reading

india

ഗോവയില്‍ നൈറ്റ്ക്ലബില്‍ വന്‍ തീപിടുത്തം: 23 പേര്‍ മരിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.

Published

on

ഗോവ: നോര്‍ത്ത് ഗോവയിലെ അര്‍പ്പോരയില്‍ റോമിയോ ലെയ്നിലുള്ള ബിര്‍ച്ച് നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.

മരിച്ചവരില്‍ ഭൂരിഭാഗവും ക്ലബ്ബിലെ തൊഴിലാളികളാണ്. മൂന്ന് സ്ത്രീകളും ചില വിനോദസഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 23 പേരില്‍ മൂന്ന് പേര്‍ പൊള്ളലേറ്റും മറ്റു എല്ലാവരും ശ്വാസംമുട്ടിയും ആണ് മരിച്ചത്.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നൈറ്റ്ക്ലബ് പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്ലബ് മാനേജ്‌മെന്റിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഈ ദുരന്തം സംഭവിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമാണിത്,” മുഖ്യമന്ത്രി സാവന്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Continue Reading

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

Trending