തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 84,258 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഇക്കാര്യം.
റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നത്, 24,516 ഫയലുകള്‍. പൊതുഭരണ വകുപ്പില്‍ 11,734 ഫയലുകളും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 10,351 ഫയലുകളും കെട്ടിക്കിടപ്പുണ്ട്. പൊതുമരാമത്ത്- 4958, വനം വന്യജീവി-3746, വ്യവസായം- 4980, നികുതി- 2826, പൊതുവിദ്യാഭ്യാസം- 6071, സഹകരണം- 2120 എന്നിങ്ങനെയാണ് പ്രധാന വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍.
പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകള്‍ കൃതൃമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടി.വി ഇബ്രാഹിം, പി. ഉബൈദുള്ള, എം. ഉമ്മര്‍, പാറക്കല്‍ അബ്ദുള്ള, കെ.രാജന്‍, അടൂര്‍ പ്രകാശ്, ടി.വി രാജേഷ്, അനില്‍ അക്കര തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ലോക കേരളസഭയില്‍ പങ്കെടുത്ത 65 പ്രതിനിധികള്‍ക്കു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്രാ ടിക്കറ്റ് ഇനത്തില്‍ തുക അനുവദിച്ചു നല്‍കിയിട്ടുണ്ട്. ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോക കേരള സഭ സെക്രട്ടറിയേറ്റ് സംവിധാനം ആലോചിക്കുന്നുണ്ടെന്ന് കെ.അന്‍വര്‍ സാദത്തിനെ അറിയിച്ചു. നോര്‍ക്ക ഡിപാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതിയുമായി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയെക്കൂടി സഹകരിപ്പിക്കും.
സോളാര്‍ കമ്മീഷന്‍ ശുപാര്‍ശയുടെയും അതിന്‍മേല്‍ സര്‍ക്കാരിന് ലഭിച്ച ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ പൊലിസ്, ജയില്‍ വകുപ്പുകളില്‍ നടത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി മൂന്നംഗം സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് സുരക്ഷക്കായി സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ശുപാര്‍ശ പരിശോധിക്കുന്നതിനായി ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെചുമതലപ്പെടുത്തി.
Be the first to write a comment.