കോഴിക്കോട്: മുടി ഹെന്ന ചെയ്യാനെത്തിയ ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതി ബ്യൂട്ടീഷന്റെ വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങി. കോഴിക്കോട് ജില്ലയിലെ കക്കോടില്‍ ‘സഹേലി’ ബ്യൂട്ടിപാര്‍ലറിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം

ജീന്‍സും ടോപ്പുമിട്ട 25 വയസ്സ് തോന്നിക്കുന്ന യുവതി മുടി കളര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബ്യൂട്ടിപാര്‍ലറിലെത്തിയത്. പാര്‍ലര്‍ നടത്തുന്ന ബ്യൂട്ടീഷ്യനായ രഹനയോട് മുടിയിലെ താരന്‍ പോക്കുന്നതിനും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബ്യൂട്ടീഷ്യന്‍ ജോലി ആരംഭിച്ചതിന് പിന്നാലെ യുവതി, വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ് രഹനയെ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുവിടുകയായിരുന്നു.

ഈ സമയത്ത് രഹന മാത്രമായിരുന്നു സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അള്‍സറാണെന്ന് പറഞ്ഞ യുവതിയോട് ബിസ്‌ക്കറ്റ് വാങ്ങിച്ചുവരാമെന്ന് പറഞ്ഞ് രഹന ബാഗില്‍നിന്നും പണം എടുത്തു പോയി. പാര്‍ലറിനു തൊട്ടുതാഴെയുള്ള ബേക്കറിയില്‍ പോയി ബിസ്‌കറ്റ് വാങ്ങി വന്നെപ്പോയേക്കും വയറുവേദന മാറിയ യുവതി പോവാന്‍ ധൃതികാണിക്കുകയായിരുന്നു. മുടി ഉണക്കാന്‍ പോലും സമ്മതിക്കാതെ കല്യാണത്തിന് പോവാനുണ്ടെന്ന് ഭാവത്തില്‍ പെട്ടന്ന് പോവുകയും ചെയ്തു.

തുടര്‍ന്ന് രഹന ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്. ലോക്കറില്‍നിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. എന്‍.ഐ.ടി.യില്‍ അഡ്മിഷന്‍ കിട്ടിയ മകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്. വിരലടയാള വിദഗ്ധരും ചേവായൂര്‍ പോലീസും ബ്യൂട്ടിപാര്‍ലറിലെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് ബാലുശ്ശേരി റോഡ് വരെ പോയി.