ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ എസ് രാജേന്ദ്രന്‍ തോല്‍പിക്കാന്‍ ശ്രമം നടത്തിയെന്നും വിജയിപ്പിക്കാനായി ഒന്നും ചെയ്തില്ലെന്നുമായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. നടപടി മൂന്നാര്‍ ഏരിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നടപടി തന്നെ അറിയിച്ചിട്ടില്ല എന്നായിരുന്നു എസ്. രാജേന്ദ്രന്റെ പ്രതികരിച്ചത്. നടപടി അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും തന്നെ പാര്‍ട്ടി അംഗത്വത്തിലെങ്കിലും നിലനിര്‍ത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ജാതിയുടെ പേരില്‍ താന്‍ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടിയില്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാകാം നടപടിയെന്നും എസ് രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു. ആശയം കൊണ്ടുനടക്കുന്നവരെല്ലാം പാര്‍ട്ടി അംഗങ്ങളല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.