ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് അടുത്തിടെയാണ് വീഡിയോ കോള്‍ നടപ്പില്‍ വരുത്തിയത്. അത് എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അധികവും ഉപയോക്താക്കളെ കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്.വീഡിയോ കോള്‍ ഫീച്ചര്‍ ലഭിക്കാന്‍ നിലവിലുള്ള വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതി. ഇത് തന്നൊയാണ് കമ്പനി ഔദ്യോഗികമായി അറിയിക്കുന്നതും.

എന്നാല്‍ ഈ ലിങ്കില്‍ കയറിയാല്‍ വാട്‌സ് ആപ്പ് വീഡിയോ കോള്‍ ലഭിക്കുമെന്ന് തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ സൈബര്‍ ക്രമിനലുകളുടെ പണിയാണെന്നാണ് കമ്പനി അറിയിക്കുന്നത്. വാട്ട്സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യാമെന്ന നിര്‍ദേശവുമായി വാട്ട്സ്ആപ്പ് പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന മെസേജുകള്‍ വാട്ട്സ്ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്നും കമ്പനി വ്യക്തമാക്കി. ഗ്രൂപ്പ് വീഡിയോ കോളിങ്ങിന്റെ രൂപത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഫോണുകള്‍ കേടുവരുത്താനെ ഇത്തരം ലിങ്കുകള്‍ ഉപകരിക്കൂ. മാല്‍വയറുകള്‍ ഫോണില്‍ പ്രവേശിക്കുകയും അവ ഫോണിനെ എളുപ്പത്തില്‍ നാശമാക്കുകയും ചെയ്യുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും ഇത്തരം ലിങ്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ വാട്‌സ്ആപ്പാണ്. അതുകൊണ്ടാണ് ഹാക്കര്‍മാരും മറ്റും കെണിയുമായി വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത്. 1 ബില്യണ്‍ ഡൗണ്‍ലോഡ് നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.