പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്‌സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്.

ലിയനാര്‍ഡ് കോഹെനിന്റെ ഗാനത്തിന്റെ ഇംഗ്ലീഷ്, അറബി വേര്‍ഷന്‍ പാടിയാണ് മെന്നല്‍ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ അതിനുശേഷം 22കാരിയായ ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സിറ്റി ഓഫ് നീസില്‍ 86 പേര്‍ കൊല്ലപ്പെട്ട ട്രക്ക് ആക്രമണത്തിനുശേഷം മെന്നല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിവാദം.

രാജ്യത്ത് ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്നും പതിവുപോലെ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതിയിട്ടുണ്ടെന്നും എന്നായിരുന്നു മെന്നലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ചവരുടെ ശരീരത്തില്‍നിന്ന് കിട്ടിയ ഐഡന്റിറ്റി കാര്‍ഡാണ് അക്രമികളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന പൊലീസ് അറിയിപ്പിനോടുള്ള പ്രതികരണമായിരുന്നു ആ പോസ്റ്റ്. ആക്രമണം തടയാന്‍ പരാജയപ്പെടുന്ന നമ്മുടെ ഭരണകൂടമാണ് ഭീകരരെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിര്‍ദോഷകരമായ പരാമര്‍ശങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് മെന്നല്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ അറിയിച്ചു. ദി വോയ്‌സിന്റെ സംഘാടകര്‍, പുറത്തുപോകാനുള്ള മെന്നലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ഫലസ്തീന്‍ പ്രവര്‍ത്തക കൂടിയായ മെന്നലിനെ മുസ്‌ലിമായതിന്റെ പേരിലാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഗായികയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ നിരവധി കമന്റുകള്‍ വന്നുകഴിഞ്ഞു. നിന്റെ മതവും നീ ധരിച്ച ശിരോവസ്ത്രവുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വംശീയതയുടെ മൂധന്യാവസ്ഥയിലാണ് ഫ്രാന്‍സ് എന്നായിരുന്നു മറ്റൊരു കമന്റ്. മെന്നലിന്റെ പിതാവ് സിറിയന്‍-ടര്‍ക്കിഷ് വംശജനും മാതാവ് അല്‍ജീരിയക്കാരിയുമാണ്.
ഷോയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ജനപ്രീതി നേടിയതോടെ ചിലര്‍ മെന്നലിന്റെ ഫലസ്തീന്‍ അനുകൂല നിലപാടും വിവാദമാക്കി. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിമര്‍ശകര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.