സുരേഷ് റെയ്‌നക്ക് പിന്നാലെ മറ്റൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗും ഐപിഎലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെറ്ററന്‍ സ്പിന്നര്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സുരേഷ് റെയ്‌നക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്മാറിയത് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാകും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഹര്‍ഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയില്‍ എത്തിയതുമില്ല. ചൊവ്വാഴ്ചയാണ് താരം യുഎഇയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, ക്യാമ്പിലെ കൊവിഡ് കണക്കുകള്‍ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒന്നുകില്‍ അദ്ദേഹം വരാന്‍ താമസിക്കും. അല്ലെങ്കില്‍ ഇക്കൊല്ലത്തെ ഐപിഎല്‍ ക്യാന്‍സല്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേ സമയം, ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ടീം ഉടമ എന്‍ ശ്രീനിവാസനോടും ക്യാപ്റ്റന്‍ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.