ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

https://twitter.com/harbhajan_singh/status/1332354808901111808

”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ? . പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ” ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷകര്‍ പൊലീസിന് കുടിവെള്ളം നല്‍കുന്ന ചിത്രവും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ക്കും ഹര്‍ഭജന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കില്‍ സന്തോഷവാന്‍മാരായ കര്‍ഷകര്‍ വേണമെന്നുമായിരുന്നു ഭാജി അന്ന് പ്രതികരിച്ചത്.