kerala

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി

By webdesk17

November 24, 2025

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.

‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.

പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.