കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ ‘സേ നോ ടു ഹര്‍ത്താല്‍’ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ശബരമല സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചില ഹൈന്ദവ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന തുടങ്ങിയ ഏതാനും സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനവുമായി രംഗത്തുവന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.