മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു. 92 വയ്സ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീന്‍ ഖാന്റെ മകളായി മധ്യപ്രദേശിലെ മയ്ഹാറില്‍ 1927ലായിരുന്നു അന്നപൂര്‍ണ്ണ ദേവിയുടെ ജനനം.

സഹോദരനായ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം പിതാവിന്റെ പാതയിലേക്ക് അന്നപൂര്‍ണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതലോകത്ത് താരമായി. പത്മഭൂഷണ്‍ നല്‍കി അന്നപൂര്‍ണ ദേവിയെ രാജ്യം ആദരിച്ചിട്ടുണ്ട്.

സിത്താര്‍ മാന്ത്രികനായ പണ്ഡിറ്റ് രവി ശങ്കറാണ് അന്നപൂര്‍ണ്ണയുടെ ആദ്യ ഭര്‍ത്താവ്. ശുഭേന്ദ്ര ശുഭു ശങ്കറാണ് മകന്‍. 1982ല്‍ അന്നപൂര്‍ണ്ണ വീണ്ടും വിവാഹിതയായി. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായിരുന്ന രൂഷികുമാര്‍ പാണ്ഡ്യയെ ആയിരുന്നു രണ്ടാമത് വിവാഹം ചെയ്തത്.