ഹൈദരാബാദ്: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സിനിമയില്‍ ഡാന്‍സ് റോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
സംഭവുമായി ബന്ധപ്പെട്ട് തെലുങ്ക്‌ ഫിലിം ഇന്റസ്ട്രിയില്‍ (ടോളിവുഡ്) പ്രവര്‍ത്തിക്കുന്ന ഗണേഷ്, അക്ബര്‍, വെന്‍കാ റെഡ്ഡി എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഡിസംബര്‍ മൂന്നിന് മുതല്‍ പെണ്‍കുട്ടിയെ കാണാതായതായാണ് വിവരമെന്ന് ബഞ്ജാരാ ഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീനിവാസ് പറഞ്ഞു. സിനിമാ മോഹവുമായി ഇറങ്ങിയ പെണ്‍കുട്ടി, ഇക്കഴിഞ്ഞ ദിവസമത്രയും സിനിമാ അഭിനയം എന്ന ഉറപ്പില്‍ ആരോപണവിധേയര്‍ക്കൊപ്പം കഴിയുകയായിരുന്നു. ഇതിനിടെ പലതവണ യുവാക്കള്‍ തന്നെ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയുടെ പരാതിയില്‍ അന്യേഷണം തുടരുകയാണെന്നും സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.