ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയില്‍ വീണ്ടും ഇന്ത്യന്‍ ഓഹരി കൂപ്പുകുത്തി. സെന്‍സെക്‌സ് 385 പോയിന്റും നിഫ്റ്റി 145 പോയിന്റും ഇടിഞ്ഞു. ബാങ്കിങ്, ജ്വല്ലറി, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുക്കുത്തിയതാണ് വിപണി തകര്‍ച്ചക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

1000, 500 നോട്ടുകള്‍ നോട്ട് പിന്‍വലിക്കലിനെച്ചൊല്ലി പാര്‍ലമെന്റില്‍തുടരുന്ന സ്തംഭനാവസ്ഥ ജിഎസ്ടി അടക്കമുള്ള 19 ബില്ലുകള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് തകര്‍ച്ചക്ക് കാരണമായന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതുമൂലം സാമ്പത്തിക രംഗത്തുണ്ടായ കനത്ത മാന്ദ്യം ആത്യന്തികമായി ജിഡിപി വളര്‍ച്ച7.8 ശതമാനത്തില്‍നിന്ന് 7.30 ലേക്കു ഇടിച്ചു താഴ്ത്തുമോ എന്ന ഭയവും ഓഹരി വിപണിയിലുണ്ട്. രാജ്യത്തെ കമ്പനികള്‍ മികച്ച ഫലം പുറത്തുവിടുമെന്ന പ്രതീക്ഷകള്‍ പാളിയതും തകര്‍ച്ചക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഓഹരി സൂചികകളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. ടാറ്റ മോട്ടേഴ്‌സ്, മാരുതി, എസ്ബിഐ ഉള്‍പ്പെടെ മിക്ക വന്‍കിട കമ്പനികളുടെയും സൂചിക വന്‍ ഇടിവിലാണ്. അതേസമയം ഹിന്‍ഡാല്‍കോ, വേദാന്ത, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഭേല്‍ തുടങ്ങിയവ നേട്ടം രേഖപ്പെടുത്തി.