ഗാസിപൂര്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ വികാരഭരിതനില്‍ നിന്നും കടന്നാക്രമണത്തിലേക്ക് മാറി മോദി. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ജനങ്ങളുടെ പിന്തുണ തേടി കഴിഞ്ഞ ദിവസം ഗോവയില്‍ വികാരഭരിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എതിരാളികളെ കടന്നാക്രമച്ച് രംഗത്ത്.

ഉത്തർപ്രദേശിലെ ഗാസിപൂരിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നടത്തുന്ന റാലിക്കെതിരെയും നെഹ്‌റു
കുടുംബത്തിനെതിരേയുമാണ് കടുത്ത വിമര്‍ശനമുന്നയിച്ചത്.

നെഹ്‌റുവിനെ അഭിസംബോധന ചെയ്താണ് മോദി സംസാരിച്ചു തുടങ്ങിയത്. പണ്ഡിറ്റ് നെഹ്‌റു
, ഞാനിതാ നിങ്ങളുടെ ജന്മദിനമായ നവംബര്‍ 14ന് ഇവിടെ എത്തിരിക്കുകയാണ്. പക്ഷെ നിങ്ങളുടെ പാര്‍ട്ടിയും കുടുംബവും എനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പക്ഷേ നിങ്ങളുടെ കാലത്ത് നിന്നും ചെയ്തു തീര്‍ക്കാനാവാതെ പോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നഹ്‌റുവിനെ കൂട്ടുപിടിച്ച് മോദി പറഞ്ഞു.

തുടര്‍ന്നു കള്ളപ്പണം തടുക്കാനായി 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തെ കൊള്ളയടിച്ചു അനധികൃതമായ സമ്പാദിച്ച കള്ളപ്പണക്കാരെ പിടികൂടേണ്ടത് അനിവാര്യമാണെന്നും അവരെ പാഠം പഠിപ്പിക്കാനായി ഇത്തിരി കഷ്ടതകള്‍ സഹിക്കാന്‍ നമ്മല്‍ തയ്യാറാകണമെന്നും മോദി ജനങ്ങോട് അഭ്യര്‍ഥിച്ചു.

ചായ് വാല ആയിരുന്ന കാലത്ത് താന്‍ ഉണ്ടാക്കിയിരുന്ന കടുപ്പമേറിയ ചായ പോലെയാണ് കള്ളപ്പണത്തിനെതിരെയുള്ള ഈ നടപടി. പാവപ്പെട്ട ജനങ്ങള്‍ കടുപ്പമേറിയ ചായയെ ഇഷ്ടപ്പെടുന്നു. എന്നാല്‍, ധനികര്‍ക്ക് ഇത് അരുചികരമാണെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.

നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് പാവപ്പെട്ട ജനങ്ങള്‍ ശാന്തരായി ഉറങ്ങുകയാണെന്നും എന്നാല്‍ ധനികര്‍ അവരുടെ സുഖനിദ്ര നഷ്ടപ്പെട്ട് ഉറക്ക ഗുളിക തേടി നടക്കുകയാണെന്നും പ്രധാനമന്ത്രി കളിയാക്കി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്ത് പാവപ്പെട്ടവരും, ധനികരും തമ്മിലുള്ള അന്തരം കുറച്ചുവെന്നും മോദി അവകാശപ്പെട്ടു.