ന്യൂയോര്‍ക്ക്: സ്വകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആപ്പിള്‍ കമ്പനിയുടെ വിശ്വാസ്യത തകരുന്നു. ഐഫോണ്‍ ഉപയോക്താക്കളുടെ കോളുകള്‍ കമ്പനി ചോര്‍ത്തുന്നതായാണ് വിവരം. പുറത്തേക്കും അകത്തേക്കും വന്നുകൊണ്ടിരിക്കുന്ന എല്ലാ കോളുകളുടെയും വിവരങ്ങള്‍ ആപ്പിളിന്റെ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. ആപ്പിളിന്റെ ഓണ്‍ലൈന്‍ സിങ്കിങ് സേവനമായ ഐക്ലൗഡിലേക്കാണ് ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത്. വിളിച്ച നമ്പര്‍, സമയം, സംസാരത്തിന്റെ ദൈര്‍ഘ്യം എന്നിവയാണ് ഇത്തരത്തില്‍ സൂക്ഷിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അതിന് തയാറായിരുന്നില്ല. എന്നാല്‍ ഐക്ലൗഡിലേക്ക് വിവരങ്ങള്‍ ശേഖരിക്കുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ ചാറ്റിന്റെ വിശദാംശങ്ങളും ഐക്ലൗഡ് സര്‍വറിലെത്തുന്നുണ്ട്. ഇവക്കു പുറമെ ആപ്പിള്‍ ഐഒഎസിലെ വീഡിയോ കോളിങ് സംവിധാനമായ ഫേസ്‌ടൈമിലെ കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് വിവരം. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ നാലു മാസം വരെ ഐക്ലൗഡില്‍ സൂക്ഷിക്കാനാവും. ഇത് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കല്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.