വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.
ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ബെംഗളൂരു ഉയര്‍ന്നു. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തന്നെ തുടരുന്നു.ബെംഗളൂരുവിന്റെ നായകന്‍ സുനില്‍ ഛേത്രി മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

11-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഫ്രീകിക്കില്‍ നിന്നാണ് ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ ഗോള്‍ നേടിയത്. ബോക്സിനകത്തുവെച്ച് ഫ്രീകിക്ക് പിടിച്ചെടുത്ത ഛേത്രി പ്രതിരോധതാരം സ്‌കോട്ട് നെവിലിനെ കബിളിപ്പിച്ച് പന്ത് ക്ലെയിറ്റണ് ഹെഡ് ചെയ്ത് നല്‍കി. പന്ത് സ്വീകരിച്ച ക്ലെയ്റ്റണ്‍ മനോഹരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഇടംകാലുകൊണ്ടുള്ള ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനെ കീഴടക്കി വലയിലെത്തി.

ഗോള്‍ പിറന്നതോടെ മത്സരം ആവേശത്തിലായി. ബെംഗളൂരു ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് കളിച്ചത്. അതിനുള്ള ഫലവും അവര്‍ക്ക് ലഭിച്ചു. ആദ്യ പകുതിയുടെ 45-ാം മിനിട്ടില്‍ ടീം രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബെംഗളൂരു കളിച്ചത്. രണ്ടാം പകുതിയില്‍ ബ്രൈറ്റും മഗോമയുമെല്ലാം നന്നായി തന്നെ പരിശ്രമിച്ചു. പകരക്കാരനായി എത്തിയ ആരോണിന് രണ്ടാം പകുതിയില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്യാനായില്ല.